മൂവാറ്റുപുഴ : തൊടുപുഴ, കോതമംഗലം ഭാഗത്തെ വിവിധ സ്ഥലങ്ങളിൽ വോട്ട് തേടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. രാവിലെ തൊടുപുഴ ചുങ്കം പള്ളിയിൽ എത്തി അനുഗ്രഹം തേടി. തുടർന്ന് ആരാധനാലയങ്ങളും പൊതു സ്ഥാപനങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. വെങ്ങല്ലൂരിലെ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളിലെ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിലെത്തി അനുഗ്രഹം തേടി. വിശ്വാസികളോടും ഡീൻ വോട്ട് ചോദിച്ചു. തൊടുപുഴ നൈനാൻ പള്ളിയിൽ വലിയ ഇമാമിനെയും ഡീൻ സന്ദർശിച്ചു. വൈകിട്ട് കോതമംഗലത്ത് എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി വിവിധ സ്ഥാപനങ്ങളിലും കടകളിലും വോട്ട് തേടി. തുടർന്ന് കോതമംഗലത്ത് നിയോജകമണ്ഡലം കൺവെൻഷനും റോഡ് ഷോയ്ക്കും ശേഷം ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. ഇന്ന് കട്ടപ്പന, കാഞ്ചിയാർ മേഖലകളിൽ ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തും. വൈകിട്ട് 5ന് അടിമാലിയിൽ നിയോജക മണ്ഡലം കൺവെൻഷനും പങ്കെടുക്കും.

എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന് മൂവാറ്റുപുഴയിൽ സ്വീകരണം ഒരുക്കി. മൂവാറ്റുപുഴ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിലും കമ്പനികളിലും വ്യാപാര സ്ഥാപനങ്ങളിലും ജോയ്സ് വോട്ട് അഭ്യർത്ഥിച്ചു. കുടുംബയോഗങ്ങളിലും പങ്കെടുത്തു. ആരാധനാലയങ്ങളും പ്രമുഖ വ്യക്തികളെയും സന്ദർശിച്ചു. രാവിലെ മൂവാറ്റുപുഴ നിർമ്മല ആശുപത്രി, എം.സി.എസ് ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാരെയും രോഗികളെയും സന്ദർശിച്ചായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടർന്ന് പേഴയ്ക്കാക്കാപ്പിള്ളി പായിപ്ര കവലയിൽ എത്തിയ ജോയ്സിനെ വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ നാട്ടുകാർ എന്നിവർ ചേർന്ന് വാദ്യമേളങ്ങളോടെ വരവേറ്റു. പിന്നാലെ ജാമിയ ബദരിയ അറബി കോളേജിലെത്തി ജോയ്സ് വോട്ട് ചോദിച്ചു. ടെയ്ലറിംഗ് കമ്പനി, പായിപ്ര സ്കൂ‌ൾപടി , മാനാറി കാഞ്ഞിരക്കാട്ട് കാവ് എന്നിവയും സന്ദർശിച്ചു. തുടർന്ന് മുളവൂർ പൊന്നിരിക്കപറമ്പ് , പി .ഒ ജംഗ്ഷൻ, കുറ്റിക്കാട്ട് ചാലിപ്പടിയിലും കാരക്കുന്നത്ത് പള്ളികളിലും വോട്ടർമാരെ കണ്ടു. മൂവാറ്റുപുഴയിൽ വാർത്താസമ്മേളനത്തിനുശേഷം വാളകം കവലയിൽ വ്യാപാര കേന്ദ്രങ്ങളും തൊഴിലിടങ്ങളും സന്ദർശിച്ചു. ചെങ്ങറ കോളനി, മൂവാറ്റുപുഴ ഹൗസിംഗ് ബോർഡ്, പായിപ്ര മാനാറി എന്നിവിടങ്ങളിൽ കുടുംബയോഗങ്ങളിലും ജോയ്സ് സംസാരിച്ചു. നാളെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ജോയ്സ് ജോർജ് പര്യടനം നടത്തും.