1

ഫോർട്ട് കൊച്ചി: കൊച്ചി നഗരസഭ ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ കീഴിലുള്ള ഫോർട്ട്കൊച്ചി ബസ് സ്റ്റാന്റ് പരിസരത്തെ കെട്ടിടത്തിലെ സെപ്റ്റിക്‌ടാങ്ക് ചോർന്നൊലിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ഇന്ത്യാ ടൂറിസം ഓഫിസ്, ടൂറിസം ഇൻഫർമേഷൻ സെന്റർ, ഹോട്ടൽ, ഡോർമിറ്ററി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സെപ്റ്റിക്‌ടാങ്കിലെ മലിന ജലം ഇവിടെ കെട്ടി കിടക്കുകയാണ്. ദുർഗന്ധവും കൊതുക് ശല്യവും മൂലം രൂക്ഷമാണ്. പ്രധാന ടൂറിസം കേന്ദ്രമായ ഫോർട്ട്കൊച്ചിയിലെത്തുന്ന സഞ്ചാരികൾക്കും സമീപത്തെ ഓട്ടോസ്റ്റാൻഡിൽ എത്തുന്നവർക്കുമടക്കം ടാങ്ക് ചോർന്നൊലിക്കുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെ നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. സാംക്രമിക രോഗങ്ങൾ പടരുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ടാങ്ക് ചോർന്നൊലിക്കുന്നത് തടയാൻ അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സാമൂഹ്യ പ്രവർത്തകരായ മുജീബ് റഹ്മാൻ, എ. ജലാൽ എന്നിവർ പറഞ്ഞു. പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരുത്തറ ആവശ്യപ്പെട്ടു.