അങ്കമാലി: നായത്തോട് സൗത്തിൽ നെല്ലിക്കാപ്പിള്ളി ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ ശുദ്ധജലവിതരണ പദ്ധതി നോക്കുകുത്തിയാകുന്നു. പദ്ധതിവഴി ജലമെത്തിയിട്ട് ഒരു വർഷമായി. കടുത്ത വേനലിൽ ജനം പൊറുതിമുട്ടുമ്പോഴും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്. പൊതു ടാപ്പുകൾ അടച്ചുപൂട്ടിയതും കുടിവെള്ളപ്രശ്നം സങ്കീർണമാക്കുന്നുണ്ട്. വീടുകളിലെ വാട്ടർ റീഡിംഗ് മീറ്റർ പൂജ്യത്തിൽ നിന്ന് നീങ്ങാതിരുന്നിട്ടും 1200 രൂപയുടെവരെ ബില്ലുകൾ ലഭിക്കുന്നതായുള്ള പരാതിയും വ്യാപകമാണ്. അങ്കമാലി വാട്ടർ അതോറിറ്റി ഓഫീസിൽ നിരവധി പരാതികൾ നൽകിയെങ്കിലും അധികൃതർ ചെവിക്കൊണ്ടിട്ടില്ല. ഇതു സംബന്ധിച്ച് നവകേരള സദസിൽ നൽകിയ പരാതിയിലും നടപടിയുണ്ടായില്ല.