കൊച്ചി: ചാലക്കുടിയിലെ മുന്നണി സ്ഥാനാർത്ഥികൾ ഇന്നലെ ഹ്രസ്വസന്ദർശനങ്ങളുടെ തിരക്കിലായിരുന്നു. കലാലയങ്ങളിലാണ് എൽ.ഡി.എഫിലെ പ്രൊഫ.സി. രവീന്ദ്രനാഥ് പര്യടനം നടത്തിയത്. പുത്തൻകുരിശിലായിരുന്നു യു.ഡി.എഫിലെ ബെന്നി ബഹനാന്റെ പര്യടനം. എൻ.ഡി.എയിലെ കെ.എ. ഉണ്ണികൃഷ്ണൻ കൈപ്പമംഗലത്തും പര്യടനം നടത്തി.
പുത്തൻകുരിശ് ബ്ലോക്കിലെ പൂതൃക്ക, തിരുവാണിയൂർ, അമ്പലമേട്, കുന്നത്തുനാട് എന്നിവിടങ്ങളിൽ ബെന്നി ബഹനാൻ പര്യടനം നടത്തി. കരിമുകളിലെ മമ്പ ഉൽ ഉലൂം എഡ്യൂക്കേഷൻ സെന്ററിൽ വിദ്യാർത്ഥികളോടൊപ്പം സമയം ചെലവഴിച്ചു. യുവാക്കൾ, വടവുകോട്ടെ ഓട്ടോതൊഴിലാളികൾ, മലയൻകുരിശ് ബി.എഡ് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഇന്ന് മാള ബ്ലോക്കിലെ പൊയ്യ, കുഴൂർ അന്നമനട എന്നിവിടങ്ങളിൽ പര്യടനം നടത്തും.
മുൻ വിദ്യാഭ്യാസമന്ത്രി കൂടിയായ പ്രൊഫ. സി. രവീന്ദ്രനാഥ് ചാലക്കുടിയിലെ മേലൂർ നിർമ്മല ഇൻസ്റ്റിറ്റ്യൂഷൻ സന്ദർശിച്ചു. അദ്ധ്യാപകരോടും ചെയർമാൻ സജീവ് വട്ടോളിയോടും വോട്ട് അഭ്യർത്ഥിച്ചു. പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ഇൻഫൊർമേഷൻ ടെക്‌നോളജിയും സന്ദർശിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫ്, സി.പി.എം ചാലക്കുടി ഏരിയാ കമ്മിറ്റി അംഗം എം.എം. രമേഷൻ, ലോക്കൽ സെക്രട്ടറിമാരായ എം.എസ്. ബിജു, പി.പി.ബാബു എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകി.
എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ കൈപ്പമംഗലം പൊയ്യാറ ഭുവനേശ്വരി ക്ഷേത്രം ദർശനത്തിന് ശേഷം പൊക്ലായി, പാപ്പിനിവട്ടം, ചന്ദ്രപ്പിൻ, എടവിലങ്ങ് പഞ്ചായത്ത്, എടവിലങ്ങ് സെന്റർ എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു.
മണ്ഡലം കൺവെൻഷൻ അങ്കമാലി സി.എസ്.എ ഹാളിൽ ഇന്ന് വൈകിട്ട് നാലിന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും.