logo
ദർശനോത്സവം

• എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും

കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ശ്രീനാരായണ ദർശനോത്സവത്തിന് നാളെ തുടക്കമാകും. ശ്രീനാരായണ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിക്കായി കണയന്നൂർ യൂണിയൻ ആവിഷ്കരിക്കുന്ന ത്രിതല കർമ്മപരിപാടിയുടെ ഭാഗമാണ് ശ്രീനാരായണ ദർശനോത്സവം. ശാസ്ത്ര, സാങ്കേതിക, മാനേജ്മെന്റ് മേഖലകളെ സമന്വയിപ്പിച്ച് സമുദായത്തിന്റെ സാമൂഹ്യ, സാമ്പത്തിക മുന്നേറ്റവും കുടുംബഭദ്രതയും കൈവരിക്കലും ശ്രീനാരായണഗുരുദേവ ചരിത്രം, ഗുരുദേവകൃതികളുടെ ശാസ്ത്രീയപഠനം എന്നിവയുമാണ് യൂണിയൻ ലക്ഷ്യമിട്ടിരിക്കുന്ന കർമ്മപരിപാടികളെന്ന് യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദനും കൺവീനർ എം.ഡി. അഭിലാഷും അറിയിച്ചു.

യൂണിയൻ ആസ്ഥാനത്തെ കുമാരനാശാൻ നഗറിൽ നടക്കുന്ന ദർശനോത്സവത്തിൽ ശ്രീനാരായണദർശന പഠനം, ജപം, ധ്യാനം, സമൂഹപ്രാർത്ഥന, കുടുംബ ഐശ്വര്യപൂജ എന്നിവയാണ് പ്രധാന പരിപാടികൾ.

• നാളെ രാവിലെ 9ന് യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ പതാക ഉയർത്തും. തുടർന്ന് അദ്വൈതാശ്രമം എന്ന വിഷയത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ക്ലാസ് നയിക്കും. ഉച്ചക്ക് 12ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ദർശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2ന് ആചാരാനുഷ്ഠാനങ്ങൾ എന്ന വിഷയത്തിൽ സൗമ്യ അനിരുദ്ധന്റെയും 3.15ന് ഗുരുദേവ ഭക്തവാത്സല്യം എന്ന വിഷയത്തിൽ രഞ്ജു അനന്തഭദ്രേത്തിന്റെയും ക്ലാസുകളുണ്ടാകും.

• 29ന് രാവിലെ 9.30ന് റിട്ട. തഹസിൽദാരും ശ്രീനാരായണ ദർശനപഠനകേന്ദ്രം ഡയറക്ടറുമായ വിജയലാൽ നെടുങ്കണ്ടം - മൗനമന്ദഹാസത്തിലെ മഹാത്ഭുതങ്ങൾ, 11.15ന് സ്വാമി അദ്വൈതാനന്ദതീർത്ഥ, 2ന് ബിബിൻ ഷാൻ - വൈക്കം സത്യഗ്രഹം, 3.30ന് എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ സെക്രട്ടറി ലതീഷ് കുമാർ - പ്രാർത്ഥന എന്ത്, എന്തിന് ? എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.

• 30ന് രാവിലെ 9ന് ഗുരുപുഷ്പാഞ്ജലി എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത് ക്ലാസെടുക്കും. 11.30ന് നടക്കുന്ന സമാപനസമ്മേളനം മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2ന് സന്യാസിമാരായ ധർമ്മചൈതന്യ, അദ്വൈതാനന്ദതീർത്ഥ എന്നിവരുടെ നേതൃത്വത്തിൽ കുടുംബ ഐശ്വര്യപൂജ, സമൂഹപ്രാർത്ഥന എന്നിവയോടെ ദർശനോത്സവത്തിന് സമാപനമാകും.