കൊച്ചി: എറണാകുളം ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ ഇന്നലെ ഹൈക്കോടതി ജംഗ്ഷനിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലെ ബാർ അസോസിയേഷൻ ഹാൾ സന്ദർശിച്ചു. അഭിഭാഷരുടെ സ്വീകരണം ഏറ്റുവാങ്ങി.
കൊച്ചി വാട്ടർ മെട്രോ ഹൈക്കോടതി സ്റ്റേഷനിലെത്തിയ ഇടത് സ്ഥാനാർത്ഥിക്ക് ജീവനക്കാർസ്വീകരണം ഒരുക്കി. വാട്ടർ മെട്രോയിൽ വൈപ്പിനിലേക്ക് യാത്ര ചെയ്തു. യാത്രക്കാരുമായി സംസാരിക്കുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.
വൈപ്പിൻ വാട്ടർമെട്രോ സ്റ്റേഷനിലും ബസ് സ്റ്റാൻഡ് പരിസരത്തും പര്യടനം നടത്തി. യാത്രക്കാർ, ലോട്ടറി തൊഴിലാളികൾ എന്നിവരെ നേരിൽ കണ്ടു. ഉച്ചയോടെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു വോട്ടഭ്യർത്ഥിച്ചു. മഹാരാജാസ് മുതൽ ലുലു വരെയായിരുന്നു യാത്ര. തുടർന്ന് ലുലു മാളിലും വോട്ട് തേടി.
ഉച്ചയ്ക്ക് ശേഷം എൽ.ഡി.എഫ് പറവൂർ മണ്ഡലം വനിതാ പ്രവർത്തകരുടെ റോഡ് ഷോയിൽ സംബന്ധിച്ചു. നിരവധി വനിതാ പ്രവർത്തകർ പങ്കെടുത്തു. ചേന്ദമംഗലം മുതൽ മുൻസിപ്പൽ ജംഗ്ഷൻ വരെയായിരുന്നു റോഡ് ഷോ.
എറണാകുളം മണ്ഡലത്തിൽ വോട്ടഭ്യർഥിച്ച് ഹൈബി
എറണാകുളം നിയോജക മണ്ഡലത്തിലായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ ഇന്നലത്തെ പ്രചാരണം. ലൂർദ് ആശുപത്രി സന്ദർശനത്തോടെയായിരുന്നു പ്രചാരണം ആരംഭിച്ചത്. നഗരത്തിലെ പ്രധാന ആരാധനാലയങ്ങളും കന്യാസ്ത്രീ മഠങ്ങളും സന്ദർശിച്ച് അനുഗ്രഹം തേടി. വിവിധ മത, സാമുദായിക സ്ഥാപനങ്ങൾ സന്ദർശിച്ചും ഹൈബി പിന്തുണ തേടി. ചാത്യാത്ത് എൽ.എം.സി.സി.എച്ച്.എസിൽ എത്തിയ ഹൈബി ഈഡൻ പത്താം ക്ലാസ് വിദ്യാർഥികളുമായി സംവദിച്ചു. തുടർന്ന് മാധവ ഫാർമസി ജംഗ്ഷനിലെ ഹൗസ് ഒഫ് പ്രൊവിഡൻസിലെ മുതിർന്ന പൗരന്മാർക്കൊപ്പം സമയം ചെലവഴിച്ചു. പിന്നീട് പുതുക്കലവട്ടം, എളമക്കര ഭാഗത്തും പ്രചാരണം നടത്തി. ഉച്ചയ്ക്ക് ശേഷം പോണേക്കര ഭാഗത്തായിരുന്നു പര്യടനം. അമൃത ആശുപത്രിയിലെത്തിയ ഹൈബിയെ ആശുപത്രി ഭാരവാഹികൾ സ്വീകരിച്ചു. തുടർന്ന് കുന്നുംപുറം, ചേരാനെല്ലൂർ പഞ്ചായത്ത് എന്നിവിടങ്ങളിലും ഹൈബി വോട്ടഭ്യർഥിച്ചു.