കോതമംഗലം: കീരംപാറ കള്ളാട് വൃദ്ധയായ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. കള്ളാട് ചെങ്ങമനാട് പരേതനായ എല്യാസിന്റെ ഭാര്യ സാറാമ്മയെയാണ് (അമ്മിണി 72) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നും 3.30നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. ഈ സമയത്ത് സാറാമ്മ വീട്ടിൽ തനിച്ചായിരുന്നു. ഒരുമണിയോടെ സമീപവാസികൾ സാറാമ്മയെ കണ്ടിരുന്നു. ജോലി കഴിഞ്ഞ് വൈകിട്ട് മൂന്നരയോടെ വീട്ടിൽ എത്തിയ മരുമകൾ സിഞ്ജുവാണ് സാറാമ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സാറാമ്മ ധരിച്ചിരുന്ന നാല് സ്വർണവളകളും മാലയും നഷ്ടപ്പെട്ടതായി പറയുന്നു. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹത്തിനുചുറ്റും മഞ്ഞൾപ്പൊടിയും വിതറിയിട്ടുണ്ട്. ഇവിടം രക്തം തളംകെട്ടിയ നിലയിലായിരുന്നു. വീടിന് പിന്നിലെ വാതിലിലൂടെ പ്രതികൾ രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. ഇവിടെയും മഞ്ഞൾപ്പൊടി വിതറിയിരുന്നു.
മൂവാറ്റുപുഴ ഡിവൈ.എസ്.പി എ.ജെ. തോമസ്, കോതമംഗലം സ്റ്റേഷൻ ഇൻസ്പെക്ടർ സി.എൽ. ഷാജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തിയിരുന്നു.
സാറാമ്മ കോതമംഗലം നമ്പിച്ചൻകുടി കുടുംബാംഗമാണ്. മക്കൾ: സിജി, സിജ, സീന, എൽദോസ് (ചെയർമാൻ ചേലാട് ബസ് അനിയ പബ്ലിക് സ്കൂൾ). മരുമക്കൾ : യോന്നാച്ചൻ, സിബി, ജിജി, സിഞ്ജു.