election

കൊച്ചി: ചൂടിനൊപ്പം പ്രതിദിന പ്രചാരണച്ചെലവും സർവകാല റെക്കാഡ് ഭേദിച്ച് വർദ്ധിച്ചതോടെ പ്രചാരണം കൊഴുപ്പിക്കാനും അണികളെ കളത്തിലിറക്കാനും മുന്നണികൾ തെല്ലു വിയർക്കും. ഏപ്രിൽ ഒന്നു മുതലെങ്കിലും സ്ഥാനാർത്ഥികളുടെ പര്യടനം ഉൾപ്പെടെ പ്രചാരണം കൊഴുപ്പിക്കാൻ ആളും അർത്ഥവും ഒരുക്കണം. സ്ഥാനാർത്ഥികളും നേതാക്കളും അണികളും തളരാതെ നിറുത്താൻ ആരോഗ്യതന്ത്രങ്ങളും വേണം... ഇതിന് പോംവഴികൾ തേടുകയാണ് പ്രമുഖ മുന്നണികൾ.

പ്രചാരണം കൊഴുപ്പിക്കാനുള്ള പണച്ചെലവാണ് വലിയ വെല്ലുവിളിയെന്ന് മുന്നണി നേതാക്കൾ പറയുന്നു. ദിവസവും വലിയതോതിൽ അണികളെ രംഗത്തിറക്കാൻ വൻതുക ചെലവാകും. തങ്ങളെ അനുകൂലിക്കുന്ന കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, പോഷകസംഘടനകൾ എന്നിവരിലാണ് നേതാക്കളുടെ പ്രതീക്ഷ. ഒരു ദിവസത്തെ മുഴുവൻ ചെലവുകളും ഏറ്റെടുക്കണമെന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യമെന്ന് നേതാക്കൾ പറഞ്ഞു.

 ചെലവോട് ചെലവ്

പോസ്റ്ററുകളുൾപ്പെടെ പ്രചാരണ സാമഗ്രികളുടെ ചെലവാണ് മറ്റൊന്ന്. ഒന്നും രണ്ടും തരം പോസ്റ്ററുകൾ ഇറക്കിക്കഴിഞ്ഞു. പ്രചാരണം മുറുകുമ്പോൾ കൂടുതൽ പോസ്റ്ററുകളും ബോർഡുകളും കട്ടൗട്ടുകളും വേണ്ടിവരും.

സ്ഥാനാർത്ഥികളുടെ പര്യടനം, നേതാക്കളുടെ യാത്രാപരിപാടികൾ, താമസം തുടങ്ങിയവ ഉൾപ്പെടെ ആവശ്യങ്ങൾക്ക് വൻതുക കണ്ടെത്തണം. സ്ഥാർത്ഥികൾക്കും പാർട്ടികൾക്കും വലിയൊരു വെല്ലുവിളിയാണിത്. ഫണ്ട് കണ്ടെത്തുന്ന ശ്രമങ്ങളാണ് നടക്കുന്നത്.

ആരോഗ്യശ്രദ്ധ പ്രധാനം

ഭൂരിപക്ഷം സ്ഥാനാർത്ഥികളും നേതാക്കളും ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരാണ്. പൊരിവെയിലിൽ പ്രവർത്തിക്കേണ്ടിവരുന്നവർ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നു. പുലർച്ചെ ആറു മുതൽ 11 വരെയാണ് പര്യടനം. ഉച്ചകഴിഞ്ഞ് നാലിന് ശേഷമേ വീണ്ടും ഇറങ്ങൂ. ചൂടേറിയ ഉച്ചസമയത്ത് വിശ്രമം.

ഭക്ഷണപാനീയങ്ങൾ ക്രമീകരിക്കാൻ ഡയറ്റീഷ്യന്മാരുടെ ഉപദേശവും സ്വീകരിച്ചിട്ടുണ്ട്. നിർജലീകരണം ഒഴിവാക്കാനുള്ള മുൻകരുതലാണ് പ്രധാനം. ഭക്ഷണത്തിനും വിശ്രമത്തിനുമെല്ലാം നിർദ്ദേശങ്ങളുണ്ടെങ്കിലും പൂർണമായി പാലിക്കുക എളുപ്പമല്ലെന്ന് നേതാക്കൾ പറയുന്നു.

കുടുംബയോഗങ്ങളിൽ ശ്രദ്ധ

തുറന്ന വാഹനത്തിലെ പര്യടനം മൂന്നാഴ്ചയിൽ ഒതുക്കാനാണ് മുന്നണികളുടെ ആലോചന. കുടുംബയോഗങ്ങൾ പോലുള്ളവയിലാണ് ഇപ്പോൾ ശ്രദ്ധ. കൂടുതൽ വോട്ടുറപ്പിക്കാൻ കുടുംബയോഗങ്ങൾ ഫലപ്രദമെന്നാണ് നേതാക്കൾ പറയുന്നത്. പാർട്ടികൾ തങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിലാണ് യോഗങ്ങൾ. കൂടുതൽ വോട്ടർമാരുള്ള സ്ഥാപനങ്ങളുടെ മേധാവികൾ, പ്രാദേശിക സ്വാധീനമുള്ള വ്യക്തികൾ, മതസമുദായിക നേതാക്കൾ എന്നിവരെ ഒപ്പം നിറുത്തുകയാണ് മുന്നണികൾ.