ആലുവ: മതേതരത്വം സംരക്ഷിക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിക്കണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ.ഡി.എഫ് ആലുവ നിയോജമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബി.ജെ.പി ഇതര സർക്കാർ രൂപീകരിക്കാൻ സാഹചര്യം ഉണ്ടായാൽ കോൺഗ്രസിനേക്കാൾ വിശ്വസിക്കാവുന്നത് ഇടതുപക്ഷമാണ്. മതനിരപേക്ഷതയിൽ അടിയുറച്ചതാണ് ഇടതുപക്ഷത്തിൻ്റെ നിലപാടുകൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കേണ്ടത് ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണെന്നും പി. രാജീവ് പറഞ്ഞു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എ. ഷംസുദീൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. സലിം, എൻ.സി. ഉഷകുമാരി, സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി അസ്ലഫ് പാറേക്കാടൻ, നേതാക്കളായ അനിൽ കാഞ്ഞിലി, എ.കെ. നസീർ, സലിം എടത്തല, പി.എം. റഷീദ്, എം.എ. അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.