കൊച്ചി: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 1964ൽ ഉണ്ടായ ഭിന്നിപ്പ് നിർഭാഗ്യകരമെന്നും നിലവിലെ സാഹചര്യത്തിൽ സി.പി.ഐ- സി.പി.എം വേർതിരിവ് ആവശ്യമില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി പറഞ്ഞു. പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കലിന്റെ പ്രബോധ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'തപസ്വിനി അമ്മ ആതുര സേവനത്തിന്റെ ആത്മർപ്പണം" എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതമൂല്യങ്ങളെയും മുറുകെപ്പിടിക്കുന്ന പുതിയ മതബോധമാണ് ആവശ്യം. മഹാത്മഗാന്ധിയുടെ ഹിന്ദുത്വവും ഗോഡ്സെയുടെ ഹിന്ദുത്വവും ഏറ്റുമുട്ടുമ്പോൾ ''ഈശ്വര് അള്ളാ തേരേ നാം സബ് കോ സന്മതി ദേ ഭഗ്‌വാൻ'' എന്ന ഗാന്ധിജിയുടെ ദർശനമാണ് രാജ്യത്ത് പുലരേണ്ടത്.

കേരള ചരിത്രത്തിൽ സ്ത്രീ മുന്നേറ്റത്തിനും ആതുര സേവനത്തിനും തപസ്വിനി അമ്മ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അവരിൽ നിന്ന് ഊർജം പകർന്നെടുക്കേണ്ടതുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. രവിപുരം എസ്.എൻ.വി സദനത്തിൽ നടന്ന ചടങ്ങിൽ ജി. സി. ഡി. എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള ഹോസ്റ്റൽ ഡേ ഉദ്ഘാടനം ചെയ്തു. പ്രൊഫ.എം.കെ. സാനു അദ്ധ്യക്ഷനായി. എം. ഡി. ഗോപിദാസ് പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. സുമി ജോയി ഒലിയപുറം പുസ്തക പരിചയം നടത്തി. ഗ്രന്ഥകർത്താവ് പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ, ഡോ. വിമല മേനോൻ എന്നിവർ പങ്കെടുത്തു. എസ്. എൻ. വി സദനം സെക്രട്ടറി എം. ആർ. ഗീത സ്വാഗതവും പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീൻ കുമാർ നന്ദിയും പറഞ്ഞു.