പള്ളുരുത്തി: കച്ചേരിപ്പടി ഗുരു നഗർ റോഡിൽ നികർത്തിൽ ബോസിന്റെ വീട്ടിൽ ചെന്നാൽ കാണാം മുറ്റം നിറയെ ആഫ്രിക്കൻ ഫിഞ്ചസ് എന്ന വർണ്ണ കിളികളെ. മഞ്ഞ, ചുവപ്പ്, കോഫി ബ്രൗൺ, ഐവറി നിറങ്ങളിൽ നിരവധി കിളികളാണ് ഈ മുറ്റത്തേയ്ക്ക് പറന്നെത്തുന്നത്. കൊവിഡ് സമയത്ത് ഒരു കിളി കരിമ്പിന്റെ തരി ഭക്ഷിക്കാൻ വന്നിരുന്നു. ഇത് കണ്ട വീട്ടുകാർ തുളസി തറയിൽ തെന ഇട്ടുനൽകി. ദിവസങ്ങൾ കഴിഞ്ഞതോടെ ഒന്ന് രണ്ടായും രണ്ട് നാലായും ഇപ്പോൾ നൂറിലേറെ കിളികളായി. ബോസും വീട്ടുകാരും ഓരോ ദിവസവും ഉണരുന്നത് ഇവയുടെ ശബ്ദം കേട്ടാണ്. തൊട്ടടുത്തെ അടയ്ക്കാ മരങ്ങളിൽ കൂടുകൂട്ടി സുഖവാസത്തിലാണ് കിളിക്കൂട്ടം. ഇവർക്ക് കുടിക്കാനായി ചീന ഭരണിയുടെ മുകളിൽ ആവശ്യത്തിന് വെള്ളവും വച്ചിട്ടുണ്ട്. ബോസിന്റെ മകൻ അരുണാണ് കിളികളെ പരിപാലിക്കുന്നത്. മട്ടാഞ്ചേരിയിൽ പുരാവസ്തുക്കളുടെ വിൽപ്പനക്കാരാണ് ബോസും അരുണും. അതിനാൽ മുറ്റത്തുള്ള പഴയ ഉരൽ, ആട്ടുകല്ല്, കളിമൺപാത്രങ്ങൾ, തുളസിത്തറ എന്നിവിടങ്ങളാണ് കിളികളുടെ ഇഷ്ടകേന്ദ്രങ്ങൾ. ദിവസവും 100 രൂപയ്ക്ക് ഒരു കിലോ തെന വാങ്ങിയാണ് അരുൺ തീറ്റിയായി കിളികൾക്ക് നൽക്കുന്നത്. ബോസിന്റെ വീട്ടുവളപ്പ് നിറയെ മരങ്ങൾ നിൽക്കുന്നതിനാൽ പച്ചപ്പും തണുപ്പും കൂടുതലാണ്. അതിനാൽ ഫി‍ഞ്ചസിനെ കൂടാതെ മറ്റു നിരവധി പക്ഷികളും ഇവിടെ എത്താറുണ്ട്. വിപണിയിൽ ഒരു ജോഡി ആഫ്രിക്കൻ ഫിഞ്ചസിന് 300 രൂപയാണ് വില.