
തൃപ്പൂണിത്തുറ: നഗരസഭയുടെ പൊട്ടിയ സ്ലാബുകൾ നാട്ടുകാർക്ക് തലവേദനയാകുമ്പോൾ കാഴ്ച പരിമിതനായ സജീവന് അതൊരു അനുഗ്രഹമാണ്. പൂർണമായി കാഴ്ചയില്ലാത്ത ലോട്ടറി വിൽപ്പനക്കാരൻ മരട് ഇഞ്ചക്കൽ ക്ഷേത്രത്തിന് സമീപമുള്ള പൊന്നാടുത്തുണ്ടി പി.എം. സജീവന് (40) മാർഗദർശികളാണ് ഇത്തരം സ്ലാബുകൾ.
വഴിയരികിലെ തകർന്ന സ്ലാബുകളാണ് പലപ്പോഴും തന്റെ ദിശ നിർണയിക്കുന്നതും കൃത്യമായ സ്ഥലം കണ്ടെത്താനുള്ള സഹായികളെന്നും സജീവൻ പറയുന്നു. കിഴക്കേക്കോട്ടയിൽ മൂവാറ്റുപുഴ ബസ് സ്റ്റോപ്പിനു സമീപം മുന്നോട്ടും പിന്നോട്ടും ആടുന്ന സ്ലാബിൽ പലപ്പോഴും സീ-സോയും കളിക്കും. എന്നാൽ ഇരുമ്പ് പാലത്തിന് സമീപത്തെ മൂടിയില്ലാതെ നടപ്പാതകൾ ക്ലേശം സൃഷ്ടിക്കാറുണ്ട്. തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷന് സമീപം ഒരു പ്രാവശ്യം കാല് കുടുങ്ങിയതൊഴിച്ചാൽ തകർന്ന് കിടക്കുന്ന സ്ലാബുകൾ തന്റെ യാത്രയ്ക്ക് ഉൾക്കാഴ്ചയാകുന്നുവെന്നാണ് അഭിപ്രായം.
ഗൂഗിൾ പേ വന്നതോടെ പുതിയ കസ്റ്റമേഴ്സിനെ കിട്ടാതായി എന്ന പരാതി മാത്രം. മൊത്തം ടിക്കറ്റുകൾ വിറ്റ് അടുത്ത ദിവസത്തേയ്ക്കുള്ള ടിക്കറ്റ് വാങ്ങി രാത്രി 8 ഓടെ മടങ്ങും.
ബ്രെയ്ലി, സ്ക്രൈബ് എന്നിവയുടെ സഹായത്തോടെ പത്താം ക്ലാസും ടെലിഫോൺ ഓപ്പറേറ്റിംഗും പാസായിട്ടുണ്ട്. കൂലിപ്പണിക്കാരനായ അച്ഛൻ മനോഹരനും അമ്മ സരസുവിനും സജീവനാണ് തുണ. സഹോദരി: പ്രീതി.
15 വർഷമായുള്ള യാത്ര
ജന്മനാ പൂർണ അന്ധനായ സജീവൻ 150 ലോട്ടറി ടിക്കറ്റുകളുമായി മരടിലെ വീട്ടിൽ നിന്നും രാവിലെ 8 മണിയോടെ വാക്കിംഗ് സ്റ്റിക്കുമായി നടപ്പ് തുടങ്ങും. വഴിയിൽ ഒട്ടും തപ്പിത്തടയാതെ 4 കി.മീറ്ററോളം ദൂരം പിന്നിട്ട് തൃപ്പൂണിത്തുറയിൽ 10 ഓടെ എത്തും. യാത്രയ്ക്കിടെ ടിക്കറ്റിനായി സ്ഥിരം ഭാഗ്യാന്വേഷികൾ പലരും സജീവിനെ കാത്തിരിക്കുന്നുണ്ടാകും. തൃപ്പൂണിത്തുറയിൽ എത്തുന്നതിനിടെ ടിക്കറ്റുകളിൽ പകുതിയോളം വിറ്റ് തീരും. തൃപ്പൂണിത്തുറയിലും തന്റെ ടിക്കറ്റിനാൽ ഭാഗ്യദേവത കടാക്ഷിച്ച പലരും കാത്തിരിക്കാറുണ്ടെന്ന് സജീവൻ പറയുന്നു. മഴയേയും കടുത്ത വെയിലിനേയും അതിജീവിച്ചാണ് കഴിഞ്ഞ 15 വർഷമായി ഒരു ദിനംപോലും മുടങ്ങാതെയുള്ള യാത്രയെന്ന് അഭിമാനത്തോടെ സജീവൻ പറയുന്നു.
തന്റെ 4 കി.മീറ്റർ യാത്രയിലെ മിക്ക നടപ്പാതകളും സഞ്ചാരയോഗ്യമല്ല. കാഴ്ചപരിമിതർക്കായുള്ള ടാക്ടൈൽ ടൈലുകൾ ഇവിടെയൊന്നും പാകിയിട്ടുമില്ല- സജീവൻ