മൂവാറ്റുപുഴ : കട്ടപ്പനയിലും കാഞ്ചിയാർ പ്രദേശങ്ങളിലും പ്രചാരണത്തിന് എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് ഊഷ്മളമായ സ്വീകരണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, അഗതി മന്ദിരങ്ങൾ എന്നിവ സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചു. രാവിലെ കട്ടപ്പനയിലെ പ്രധാന നേതാക്കളെ കണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തിയതിന് ശേഷം വ്യക്തികളെ നേരിൽ കണ്ട് സൗഹൃദം പുതുക്കിയാണ് ഡീൻ പ്രചരണം ആരംഭിച്ചത്.
സെന്റ് ജോൺസ് ആശുപത്രിയിൽ എത്തി ജീവനക്കാരോടും രോഗികളോടും കൂട്ടിരിപ്പുകാരോടും വോട്ട് അഭ്യർത്ഥിച്ചു.തുടർന്ന് നഴ്സിംഗ് കോളേജിലും ഫാർമസി കോളേജിലും എത്തി വിദ്യാർത്ഥികളോട് വോട്ട് തേടി. വള്ളക്കടവിലുള്ള ആരാധനാലയവും അഗതി മന്ദിരങ്ങളും സന്ദർശിച്ച ശേഷം അടിമാലിയിൽ ദേവികുളം നിയോജകമണ്ഡലം കൺവെൻഷനിലും തുടർന്ന് റോഡ് ഷോയിലും പങ്കെടുത്താണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഇന്നലെ പ്രചാരണം പൂർത്തിയാക്കിയത്.ഇന്ന് പീരുമേട് മണ്ഡലത്തിലെ ചക്കുവള്ളം, കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പഞ്ചായത്തുകളിൽ ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തും.
വൈകിട്ട് വണ്ടിപ്പെരിയാറിൽ നടക്കുന്ന പീരുമേട് തിരഞ്ഞെടുപ്പ് കൺവെൻഷൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
മൂവാറ്റുപുഴ: ഭൂമി പ്രശ്നങ്ങളാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതെന്ന് ജോയ്സ് ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിലെ ജനങ്ങൾക്ക് ഭൂമി അവകാശവും ക്രയവിക്രയത്തിനും സർവ സ്വാതന്ത്ര്യമുണ്ടാകണം.
ഭൂമി പ്രശ്നങ്ങളിൽ എല്ലാക്കാലത്തും കൃത്യമായ നിലപാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ചിട്ടുള്ളത്. ഭൂമിയുടെ അവകാശം നിയമത്തിന്റെ കെട്ടുപാടുകൾക്ക് അപ്പുറം ഉപാധി രഹിത പട്ടയം എന്ന മുദ്രാവാക്യമുയർത്തിയാണ് താൻ പൊതു പ്രവർത്തന രംഗത്തേക്ക് വരുന്നത്. പാർലമെന്റിലും സംസ്ഥാന സർക്കാരിലുമടക്കം ഇടപെടലുകൾ നടത്തി കൃത്യമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ഒരു പ്രത്യേക ആവശ്യത്തിന് അനുവദിച്ചിട്ടുള്ള ഭൂമി അതിന് മാത്രമെ അനുവദിക്കാവു എന്ന നിയമത്തിൽ മാറ്റം വരുത്തി എൽ .ഡി .എഫ് സർക്കാർ ചട്ടഭേദഗതിയിലൂടെ ഭൂമി വിവിധാവശ്യത്തിന് ഉപയോഗിക്കാമെന്ന നിയമം കാബിനറ്റ് അംഗീകരിച്ചു. ഒരു പ്രത്യേക ആവിശ്യത്തിന് പതിച്ചു കിട്ടിയിട്ടുള്ള ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഭൂഉടമയെ അനുവദിക്കുന്ന നിയമം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചപ്പോൾ ഗവർണർ ഒപ്പിടാത്തത് പ്രതിഷേധാർഹമാണ്. നിയമത്തിൽ ഗവർണർ ഒപ്പിട്ടേ മതിയാവു. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാരിന് ലഭ്യമാക്കുന്ന അധികാരം വിനിയോഗിച്ച് ഏത് ആവശ്യത്തിനാണോ ഭൂമി അനുവദിച്ച് കൊടുത്തിട്ടുള്ളത് അതിനപ്പുറം ജീവനോപാധിക്കായി ഉപയോഗിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.