കൊച്ചി: ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 13 ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരെ വെറുതേവിട്ടതിനെതിരായ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തൃശൂർ സെഷൻസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ നൽകിയ അപ്പീലാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെടുന്ന ഡിവിഷൻബെഞ്ച് പരിഗണിച്ചത്. പ്രതികൾക്ക് സമൻസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.
2008 ജൂൺ 30ന് പ്രതികൾ മാരകായുധങ്ങളുമായി ബിജുവിനെ തടഞ്ഞുനിറുത്തി ആക്രമിച്ചെന്നാണ് കേസ്. തലയ്ക്ക് ഗുരുതരപരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംശയത്തിന്റെ ആനുകൂല്യം നൽകി വിചാരണക്കോടതി പ്രതികളെ വെറുതേ വിടുകയായിരുന്നു.