കൊച്ചി: ചിരിക്കൂട്ടുകാരുടെ നാട്ടിൽ ആവേശം കത്തിക്കയറിയ പ്രചാരണവുമായി മുന്നണികൾ. ചാലക്കുടിയിലെ ഇടത് സ്ഥാനാർത്ഥി പ്രൊഫ. സി.എൻ. രവീന്ദ്രനാഥ്,​ യു.ഡി.എഫിന്റെ ബെന്നി ബെഹ്നാൻ,​ എൻ.ഡി.എയുടെ കെ.എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ ഇന്നലെ മണ്ഡലത്തിൽ കൊണ്ടും കൊടുത്തും മുന്നേറുകയായിരുന്നു.

മണ്ഡല പര്യടനത്തിലും റോഡ് ഷോയിലും സ്ഥാനാർത്ഥികൾ സജീവമായി. ചിരിയുടെ പൂരമൊരുക്കിയ മുൻ ചാലക്കുടി എം.പി ഇന്നസെന്റിന്റെ കല്ലറ സന്ദർശിച്ച് ശേഷമാണ് മൂവരും പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. ഇന്നസെന്റിന്റെ ഒന്നാം ചരമവാർഷികമായിരുന്നു ഇന്നലെ.

ഇന്നസെന്റിന്റെ പത്നി ആലീസ്, മകൻ സോണറ്റ്, മരുമകൾ രശ്മി, സി.പി.എം നേതാവ് യു.പി.ജോസഫ് എന്നിവർക്കൊപ്പമായിരുന്നു ഫ്രൊഫ. സി.എൻ. രവീന്ദ്രൻനാഥ് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ കിഴക്കേപള്ളി സെമിത്തേരിയിലെ കല്ലറയിൽ എത്തിയത്. ഇന്നസെന്റുമായുള്ള ഓർമകൾ പങ്കുവച്ച അദ്ദേഹം കല്ലറയിൽ പൂച്ചെണ്ട് സമർപ്പിച്ച ശേഷമാണ് മടങ്ങിയത്. പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇടത് മുന്നണിയുടെ പ്രചാരണം.

അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തി രോഗികളോട് വോട്ട് അഭ്യർത്ഥിച്ചു. മുൻ മന്ത്രി ജോസ് തെറ്റയിൽ, പി.വി. ശ്രീനിജിൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.

ഓരോ മണ്ഡലത്തിലും യു.ഡി.എഫ് ക്യാമ്പുകൾ സജീവം. അങ്കമാലിയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സജീവം.

ഇന്നലെ മാള ബ്ലോക്കിലായിരുന്നു ബെന്നി ബഹനാന്റെ പര്യടനം. പൊയ്യ, കുഴൂർ, അന്നമനട എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി ഓടിയെത്തി. ഇന്ന് പെരുമ്പാവൂർ ബ്ലോക്കിലെ ഒക്കൽ, കൂവപ്പടി, കോടനാട്, വെങ്ങോല, അറക്കപ്പടി എന്നിവിടങ്ങളിലാണ് പര്യടനം. ചാലക്കുടിയിലെ പ്രധാന കേന്ദ്രങ്ങളിലൂടെയായിരുന്നു എൻ.എഡി.എ സ്ഥാനാർത്ഥിയുടെ പര്യടനം. ജനസമ്പക്ക പരിപാടികളിലും പങ്കെടുത്തു. വ്യക്തികൾ, സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.