 
ഫോർട്ട്കൊച്ചി: പരേഡ് ഗ്രൗണ്ടിൽ നടന്ന 22മത് ജില്ലാ സബ് ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവാണിയൂർ സ്റ്റെല്ല മേരീസ് ക്ലബിന് ഇരട്ട കിരീടം. ഇരുവിഭാഗങ്ങളിലും കൂവപടി സെന്റ് ആൻസ് ക്ലബിനാണ് രണ്ടാം സ്ഥാനം. പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ 6-0 നും ആൺകുട്ടികളുടെ വിഭാഗത്തിൽ 12-4നും ആൻസ് ക്ലബിനെ പരാജയപ്പെടുത്തിയാണ് സ്റ്റെല്ല മേരീസ് ക്ലബ് ചാമ്പ്യൻന്മാരായത്. പെൺകുട്ടികളിൽ തിരുവാണിയൂർ കൊച്ചിൻ റിഫയ്‌നറി സ്കൂൾ മൂന്നാം സ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ കോടനാട് ബസേലിയസ് സ്കൂളിനാണ് മൂന്നാം സ്ഥാനം. മികച്ച കളിക്കാരായി ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ആൻസ് ക്ലബ്ബിലെ ലയണൽ ആദം സിബയേയും , പെൺകുട്ടികളുടെ വിഭാഗത്തിൽ സ്റ്റെല്ലാ മേരീസിലെ ശ്രീപാർവതിയേയും തിരഞ്ഞെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സർവർ യൂ. ഉബൈദ് ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ .എം. ഷാഹുൽ ഹമീദ് സമ്മാനദാനം നിർവഹിച്ചു. ഈ മാസം 30,31 തിയതികളിൽ വയനാട് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെയും തെരഞ്ഞെടുത്തു.