
കൊച്ചി: എൻ.ഡി.എ സ്ഥാനാർത്ഥി കൂടിയെത്തിയതോടെ എറണാകുളം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തു. പൊള്ളുന്ന ചൂടിനെയും വകവയ്ക്കാതെ സ്ഥാനാർത്ഥികളും അണികളും മണ്ഡലത്തിലുണ്ട്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ ചെറായിയിൽ നിന്നാണ് ഇന്നലെ പ്രചാരണം ആരംഭിച്ചത്. മുനമ്പം എ.ബി.എ.ഡി ഫിഷറീസ് കമ്പനിയിലെ തൊഴിലാളികളെ കണ്ടു. തുടർന്ന് കോവിലുങ്കൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കസ്തൂർബ മെമ്മോറിയൽ വനിതാ സമാജം, ചെറായി മംഗലപ്പിള്ളി ദേവി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു. ചെറായിയിൽ ഓട്ടോ തൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങി.
അയ്യമ്പിള്ളി റൂറൽ അക്കാഡമി ഫോർ മാനേജ്‌മെന്റ് സ്റ്റഡീസ് സന്ദർശിച്ചു. എടവനക്കാട് എൽ.ഡി.എഫ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഉച്ചക്ക് ശേഷം പര്യടനം തുടങ്ങിയത് നായരമ്പലത്തു നിന്നായിരുന്നു.
ഐലൻഡിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചാരണം ആരംഭിച്ചത്. തേവര ഗുരുദ്വാരയിൽ സന്ദർശനം നടത്തി. സിഖ് സമൂഹത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി.
പ്രചാരണത്തിന്റെ ഭാഗമായി കാക്കനാട് ഇൻഫോപാർക്കിലെ പ്രൊഫഷനുകളുമായി സംവദിച്ചു. എം.പി എന്ന നിലയിൽ ഐ.ടി മേഖലയ്ക്കായി എന്തൊക്കെ ചെയ്തു, ഇനി എന്തൊക്കെ ചെയ്യും തുടങ്ങിയ ചോദ്യങ്ങൾ പ്രതീക്ഷിച്ച ഹൈബി നേരിട്ടത് പക്ഷെ നിർമ്മിത ബുദ്ധിയും ഡിജിറ്റൽ പ്രൈവസിയും അടക്കമുള്ള ചോദ്യങ്ങൾ. പാർലമെന്റിലെ ഇടപെടലുകളും വിദേശ രാജ്യങ്ങളിലെ സാങ്കേതികവിദ്യാമുന്നേറ്റവുമൊക്കെ ചൂണ്ടിക്കാട്ടി മറുപടി പറഞ്ഞ് ടെക്കികളെ ഹൈബിയും ഞെട്ടിച്ചു. ഡോ. കെ.എസ്. രാധാകൃഷ്ണൻ പ്രചാരണത്തിൽ സജീവമായോടെ എൻ.എഡി.എ ക്യാമ്പും ഉണർന്നു. വരാപ്പുഴ മത്സ്യ മാർക്കറ്റിൽ നിന്നായിരുന്നു കെ.എസ്. രാധാകൃഷ്ണൻ പ്രചാരണത്തിന് തുടക്കമിട്ടത്. വരാപ്പുഴ- പറവൂർ-ചേന്ദമംഗലം മേഖലകളിലെ ആരാധനാലയങ്ങളിൽ സന്ദർശിച്ചു. വൈകിട്ട് പറവൂരിൽ റോഡ് ഷോയും നടത്തി. ജില്ലാ സെക്രട്ടറിമാരായ ആർ. സജികുമാർ, ടി.ജി. വിജയൻ. മഹിളാ മോർച്ച ജില്ലാ ജന. സെക്രട്ടറി സുനിത സജീവ് എന്നിവർ ഒപ്പമുണ്ടായിരുന്നു.