കൊച്ചി: ശക്തി തിരിച്ചറിഞ്ഞ് മുന്നേറുന്നതാണ് യഥാർത്ഥ വനിതാശാക്തീകരണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. ശക്തയാണെന്ന് ബോദ്ധ്യമാകുമ്പോൾ വിജയത്തിലേക്ക് വഴിയൊരുങ്ങും. വനിതാ ശാക്തീകരണത്തിന് മതമോ ജാതിയോ നിറമോ തടസമാകരുത്. ഭരണഘടന എല്ലാവർക്കും തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നു. അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കേരളകൗമുദിയും കൗമുദി ടിവിയും ചേർന്ന് സംഘടിപ്പിച്ച വനിത ശക്തിസംഗമം- 2 സമ്മേളനം പാലാരിവട്ടം റിനൈയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് മേരി ജോസഫ്.
സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളിൽ വലിപ്പച്ചെറുപ്പമില്ല. വനിതാശാക്തീകരണം സമൂഹത്തിൽ വലിയ ചർച്ചാവിഷയമാണ്. ചിന്താശേഷിയിലും കർത്തവ്യനിർവഹണത്തിലും ഉൾപ്പെടെ പുരുഷനേക്കാൾ ഒട്ടും പിന്നിലല്ല സ്ത്രീ.
സമൂഹം സൃഷ്ടിച്ച മതിൽക്കെട്ടാണ് വിഭജനത്തിന് കാരണം. ഈ മതിൽക്കെട്ടിന് പുരുഷന്റെ വലിയൊരു പങ്കുണ്ട്. എന്നാൽ അങ്ങനെയല്ലാത്ത ഒരുപാട് പുരുഷന്മാരുമുണ്ട്. ഇന്ന് സമൂഹത്തിന്റെ മുൻപന്തിയിലുള്ള പല സ്ത്രീകളുടെയും ഉന്നമനത്തിന് പിന്നിൽ പുരുഷന്മാരുണ്ട്. കുടുംബഭദ്രത ഉറപ്പാക്കാൻ പ്രവർത്തിക്കുന്നവരാണ് സ്ത്രീകൾ. പുരുഷന്മാർ സ്ത്രീകളെ കൈപിടിച്ചുയർത്തണം. കേരളകൗമുദിയുടെ ആദരം ഏറ്റുവാങ്ങാനെത്തിയവർ ജീവിതത്തിൽ വലിയവിജയം കണ്ടവരാണ്. കേരളകൗമുദിയുടെ ഈ പ്രയാണം ഇനിയും തുടരണമെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു.
ജസ്റ്റിസ് മേരി ജോസഫിന് കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ ഉപഹാരം സമ്മാനിച്ചു. സമൂഹത്തിൽ വിവിധരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ജസ്റ്റിസ് മേരി ജോസഫ് ആദരിച്ചു. തുടർന്ന് സ്ത്രീശാക്തീകരണത്തെക്കുറിച്ച് ചർച്ച നടന്നു.
ചടങ്ങിൽ യൂണിറ്റ് ചീഫ് പ്രഭുവാര്യർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ പാനലിസ്റ്റുകളെ പരിചയപ്പെടുത്തി. കൗമുദി ടിവി മാർക്കറ്റിംഗ് ഡി.ജി.എം റോയ് ജോൺ സ്വാഗതവും
കേരളകൗമുദി സീനിയർ മാർക്കറ്റിംഗ് മാനേജർ വി.കെ. സുഭാഷ് നന്ദിയും പറഞ്ഞു.