കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏല്യാസ് (72) കൊലപാതക കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി എറണാകുളം റൂറൽ എസ്. പി ഡോ. വൈഭവ് സക്സേന അറിയിച്ചു. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. 26 ന് വൈകിട്ട് 3.45 ഓടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
സ്കൂൾ ആദ്ധ്യാപികയായ മരുമകൾ സിൽജു ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടന്ന സാറാമ്മയെ കണ്ടത്. ഉടൻ പൊലീസിനെ അറിയിച്ചു.
തലയിൽ കനമുള്ള ഇരുമ്പ് കൊണ്ട് അടിച്ചതിന് സമാനമായ മുറിവാണുള്ളത്. മരിച്ച് കിടന്ന സാറാമ്മയുടെ മൃതദേഹത്തിന് ചുറ്റും മഞ്ഞൾപ്പൊടി വിതറിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന.