
കൊച്ചി: ഇന്ത്യയിലെ മുൻനിര ടെലിഫോൺ സേവന ദാതാക്കളായ ഭാരതി ഹെക്‌സകോം ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ) ഏപ്രിൽ മൂന്ന് മുതൽ അഞ്ച് വരെ നടക്കും. നിലവിലുള്ള ഓഹരി ഉടമകളുടെ 7.5 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 542 രൂപ മുതൽ 570 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 26 ഓഹരികൾക്കും തുടർന്ന് 26 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.
എസ്.ബി.ഐ ക്യാപിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡ്, ആക്‌സിസ് ക്യാപ്പിറ്റൽ ലിമിറ്റഡ്, ബി.ഒ.ബി ക്യാപ്പിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐ.ഐ.എഫ്.എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് വിൽപ്പനയുടെ ബുക്ക് റണ്ണിംഗ് ലീഡ് മനേജർമാർ.