pic

കൊച്ചി: 'ഗുണ ഗുഹ'യുടെ അഗാധതയിൽ നിന്നുള്ള വിലാപമടക്കം 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ ശബ്ദവിന്യാസം മനസിൽ നിന്ന് മായില്ല. ആ സിനിമ 200 കോടി ക്ലബിലെ ആദ്യ മലയാളചിത്രമാകുമ്പോൾ ഫസൽ എ. ബക്കർ ( 46)​ ഹാപ്പിയാണ്. ഫസൽ ശബ്ദമിശ്രണം നിർവഹിച്ച ഒരു സൂപ്പർ ഹിറ്റ് കൂടി.

മഞ്ഞുമ്മൽ ചിറയത്ത് വീടിനോടു ചേർന്നുള്ള 'സൈലൻസ് ഓഡിയോപോസ്' എന്ന സൗണ്ട് മിക്സിംഗ് തിയേറ്ററിലാണ് ഫസൽ ശബ്ദ വിസ്‌മയം ഒരുക്കുന്നത്. ഇപ്പോൾ മഞ്ഞുമ്മൽ ബോയ്‌സിന്റെ കന്നട, തെലുങ്ക് മൊഴിമാറ്റത്തിന്റെ തിരക്കിലാണ്. ഏറെ ചർച്ച ചെയ്യപ്പെട്ട ലിജോജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും നൻപകൽ നേരത്തു മയക്കവും മലൈക്കോട്ടൈ വാലിബനും ഫസലിന്റെ പ്രതിഭ തെളിയിച്ച സിനിമകളാണ്.

ഗുഹാമുഖം, നിബിഡവനം, മരുഭൂമി തുടങ്ങിയ ദൃശ്യങ്ങളുടെ ശബ്ദങ്ങൾ തനിമയോടെ സങ്കലനം ചെയ്യാൻ പ്രകൃതിനിരീക്ഷണവും ടെക്‌നോളജിയും റഫറൻസും ചിന്തയും എല്ലാം വേണ്ടിവന്നു.
കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഡിപ്ലോമയുള്ള ഫസൽ ഓഡിയോഗ്രഫി സ്വയം പഠിച്ചതാണ്. വീട്ടിലെ കമ്പ്യൂട്ടറിൽ ചിപ്പ് കാർഡും ഫ്രൂട്ടിലൂപ്‌സ് സോഫ്റ്റ്‌വെയറും ഉപയോഗിച്ച് ശബ്ദശകലങ്ങൾ എഡിറ്റ് ചെയ്തു. റിഥം മിക്‌സിംഗ് പരീക്ഷിച്ചു. ക്രമേണ പാട്ടുകളും തെലുങ്കു ചിത്രങ്ങൾ തമിഴിലേക്ക് മൊഴിമാറ്റുന്ന ജോലികളും ലഭിച്ചു. അജഗജാന്തരം, തിങ്കളാഴ്ച നിശ്ചയം, ചാവേർ, അനുരാഗം തുടങ്ങിയ സിനിമകളും വെബ് സീരീസുകളും ക്രെഡിറ്റിലുണ്ട്. ജീത്തുജോസഫ് അവതരിപ്പിക്കുന്ന റോസ്‌ലിൻ സീരീസാണ് അടുത്തത്.

ചിറയം ചെറുപ്പിളളി അബൂബക്കറിന്റെയും നബീസയുടേയും മകനാണ്. ഭാര്യ: സുമിത. മക്കൾ: റിഹാൻ, ഇലാൻ, അബാൻ.

സൗണ്ട് മിക്‌സിംഗ്
സംഭാഷണവും പശ്ചാത്തല ശബ്ദങ്ങളും സംഗീതവും സങ്കലനം ചെയ്യുന്ന ജോലി. സൗണ്ട് മിക്‌സിംഗ് കഴിഞ്ഞ് ഔട്ട്പുട്ട് എടുക്കുന്നതോടെ സിനിമ റിലീസിന് റെഡി.

ഡോൾബി അറ്റ്മോസ്
ഫസലിന്റെ സ്റ്റുഡിയോ സറൗണ്ട് സൗണ്ടും സ്ക്രീനുമടക്കം മിനിതിയേറ്ററാണ്. കൺസോളിൽ യമഹ, ആർ.എം.ഇ സിസ്റ്റങ്ങൾ. സോഫ്റ്റ്‌വെയറുകൾ: പ്രോടൂൾസ്, ന്യുവെൻഡോ13, അൾട്ടിമേറ്റ്, സ്‌പാട്ട് റെവല്യൂഷൻ.

സിനിമയുടെ വൈകാരികത സൃഷ്ടിക്കപ്പെടുന്നത് ഫൈനൽ മിക്‌സിംഗിലാണ്. സീനുകൾക്കനുസൃതമായ സൗണ്ട് സ്കേപ്പിംഗാണ് നടക്കുന്നത്.

- ഫസൽ എ. ബക്കർ