lakshadweep

കൊച്ചി: സ്ഥാനാർത്ഥികൾ നിരന്നതോടെ രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലമായ ലക്ഷദ്വീപ് തിരഞ്ഞെടുപ്പ് ചൂടിലേക്ക്. എൻ.സി.പി (ശരത് പവാർ) പാർട്ടി സ്ഥാനാർത്ഥി മുഹമ്മദ് ഫൈസൽ,​ കോൺഗ്രസ് സ്ഥാനാർത്ഥി ഹംദുള്ള സെയ്ത് ,​ എൻ.ഡി.എയുടെ പിന്തുണയോടെ എൻ.സി.പി (അജിത് പവാർ) സ്ഥാനാർത്ഥി ടി.പി. യൂസുഫ് എന്നിവരാണ് അങ്കത്തട്ടിലുള്ളത്.

സിറ്റിംഗ് എം.പിയായ മുഹമ്മദ് ഫൈസൽ മൂന്നാം തവണയാണ് മത്സര രംഗത്ത്. ഹംദുള്ള സെയ്ത് രണ്ടു മാസം മുമ്പേ തന്നെ വീടുകൾ കയറി വോട്ടഭ്യർത്ഥന തുടങ്ങി. കഴിഞ്ഞ ദിവസം മുതൽ ടി.പി. യൂസുഫും കളത്തിലിറങ്ങി .

ഇന്നലെയായിരുന്നു ദ്വീപിൽ നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന ദിവസം. ഹംദുള്ള സെയ്തും ടി.പി.യൂസഫും ഇന്നലെ പത്രികകൾ സമർപ്പിച്ചു. മുഹമ്മദ് ഫൈസൽ ചൊവ്വാഴ്ച തന്നെ നൽകിയിരുന്നു.

ലക്ഷദ്വീപ് തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് ഹംദുള്ള സെയ്ത് പ്രചാരണം കൊഴുപ്പിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾ എടുത്തുപറഞ്ഞാണ് ഇരുകക്ഷികളുടെയും പ്രചാരണം. അഡ്മിനിസ്ട്രേറ്റർ വിദ്യാഭ്യാസം, കൃഷി, ടൂറിസം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കിയ വിവാദ നടപടികളാണ് പ്രചരണത്തിലെ ആയുധം.

ഭൂരിപക്ഷം കുറഞ്ഞ മുഹമ്മദ് ഫൈസൽ

2014ൽ 1535 വോട്ടിനായിരുന്നു മുഹമ്മദ് ഫൈസൽ ഹംദുള്ള സെയ്തിനെ തോല്പിച്ചത്. 2019ൽ അത് 823 വോട്ടായി കുറഞ്ഞു. വധശ്രമക്കേസിൽ ഫൈസൽ എം.പിയെ അയോഗ്യനാക്കിയതടക്കം പാർട്ടി സജീവ തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തിക്കാട്ടുന്നുണ്ട്. മുമ്പ് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് മുഹമ്മദ് ഫൈസലിനെ കോടതി പത്ത് വർഷം തടവിന് ശിക്ഷിച്ചത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഫൈസലിനെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. പിന്നീട് സുപ്രീം കോടതിയാണ് എം.പി സ്ഥാനം പുന:സ്ഥാപിച്ചത്. ഇതോടെ വീണ്ടും എം.പിയായെത്തിയ ഫൈസലിന് ദ്വീപ് ജനത വൻ സ്വീകരണം ഒരുക്കിയിരുന്നു.

ലക്ഷദ്വീപ് ചരിത്രം

1967ലാണ് ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലമാക്കുന്നത്. കോൺഗ്രസിന്റെ കെ. നല്ലകോയയായിരുന്നു ദ്വീപിലെ ആദ്യ എം.പി. പിന്നീട് 1971 മുതൽ 2004 വരെ തുടർച്ചയായി കോൺഗ്രസിലെ പി.എം. സഈദ് ലക്ഷദ്വീപിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചു. 2004ൽ ജെ.ഡി.യു സ്ഥാനാർത്ഥി പി. പൂക്കുഞ്ഞിയോട് സഈദ് കേവലം 71 വോട്ടിന് പരാജയപ്പെട്ടു. 2009ൽ പി.എം. സെയ്തിന്റെ മകൻ ഹംദുള്ള സെയ്തിനെ ആയിരുന്നു കോൺഗ്രസ് രംഗത്തിറങ്ങിയത്. പി. പൂക്കുഞ്ഞിയെ ഹംദുള്ള സെയ്ത് പരാജയപെടുത്തി. എന്നാൽ പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും മുഹമ്മദ് ഫൈസൽ ഹംദുള്ളയെ തോല്പിച്ചു.