കൊച്ചി: സംവരണം എന്ന ഔദാര്യമല്ല സഹകരണമെന്ന പാരസ്പര്യമാണ് സ്ത്രീശാക്തീകരണത്തിന് ആവശ്യമെന്ന് വനിതാഹിതം. കേരളകൗമുദിയും കൗമുദി ടിവിയും സംയുക്തമായി പാലാരിവട്ടം ഹോട്ടൽ റിനൈയിൽ സംഘടിപ്പിച്ച വനിതാ ശക്തിസംഗമത്തോടനുബന്ധിച്ച് നടന്ന സംവാദത്തിലാണ് സമൂഹത്തിന്റെ വിവിധ തുറകളിലെ വനിതകൾ മനസ് തുറന്നത്.

സ്ത്രീകൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ അംഗീകരിക്കുവാൻ പലർക്കും ബുദ്ധിമുട്ടാണ്. അത്തരത്തിലൊരു സ്വീകാര്യതയുണ്ടെങ്കിൽ സമസ്തമേഖലയിലും സ്ത്രീകൾക്ക് മുന്നോട്ടുവരാൻ യാതൊരു തടസവുമുണ്ടാവുകയില്ലെന്ന് സംവാദത്തിന് തുടക്കംകുറിച്ചുകൊണ്ട് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. ജോലിക്കാരായ പുരുഷന്മാരേയും സ്ത്രീകളേയും താരതമ്യം ചെയ്യുമ്പോൾ കുടുംബത്തിലെ മുഴുവൻജോലികളും ചെയ്തുതീർത്തിട്ടാണ് സ്ത്രീ പുറത്തുപോകുന്നത്. ഈ കാര്യത്തിൽ ഉൾപ്പെടെ പുരുഷന്മാരും സഹകരിച്ചാൽ സ്ത്രീകൾക്ക് തങ്ങളുടെ മേഖലയിൽ കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ സാധിക്കുമെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു.

അറിവും ധൈര്യവും ആത്മവിശ്വാസവും തോൽക്കാനുള്ള മനസുമുണ്ടെങ്കിൽ ഏതുരംഗത്തും സ്ത്രീകൾക്ക് വിജയം വരിക്കാനാകുമെന്ന് സ്വന്തം അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് വി-സ്റ്റാർ ക്രിയേഷൻസ് പ്രൈ.ലിമിറ്റഡ് സി.എം.ഡി. ഷീല കൊച്ചൗസേഫ് ചിറ്റിലപ്പള്ളി പറഞ്ഞു. സംരംഭകത്വത്തിൽ സ്ത്രീകൾക്ക് മാത്രമായൊരു വെല്ലുവിളിയുമില്ല. പ്രശ്നങ്ങളും പ്രതിസന്ധികളും പൊതുവായുള്ളതാണ്. തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ് പ്രധാനം. മറ്റൊരാൾ ചെയ്തത് വിജയിച്ചുവെന്ന് കരുതി അതേവഴി അനുകരിക്കാതെ അവരവർക്ക് അറിവുള്ള മേഖലയിൽ സ്വയം സംരംഭകരാവുക. ഏറ്റെടുക്കുന്ന മേഖലയിൽ നല്ല അറിവുണ്ടായിരിക്കണം. എല്ലായിടത്തും വിജയിച്ചെന്നുവരില്ല. തോൽക്കുമ്പോൾ എല്ലാം അവസാനിച്ചുവെന്ന് കരുതുതരുതെന്നും ഷീല കൊച്ചൗസേഫ് പറഞ്ഞു.

പുരുഷനും സ്ത്രീയും തോളോടുതോൾ ചേർന്നുനിന്നാൽ ഏതുരംഗത്തും വിജയം വരിക്കാനാകുമെന്ന് സൺറൈസ് ഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ് പറഞ്ഞു. ഏറ്റവുമധികം സ്ത്രീകൾ ജോലിചെയ്യുന്ന മേഖലയാണ് ആരോഗ്യരംഗം. അവിടെ സ്ത്രീപുരുഷഭേദമോ ഉച്ചനീചത്വങ്ങളോ ഇല്ല. ആരും ആർക്കും മുകളിലോ താഴെയോ അല്ല. സമസ്തരംഗത്തുമെന്നപോലെയുള്ള എല്ലാ പ്രതിസന്ധികളും വെല്ലുവിളികളും ആരോഗ്യമേഖലയിലുമുണ്ട്. എന്നാൽ കൂട്ടായ പരിശ്രമത്തിലൂടെ അതിനെ അതിജീവിക്കാം. ലക്ഷ്യമാണ് പ്രധാനം. അതിനുമുമ്പിൽ വെല്ലുവിളികൾക്ക് പ്രസക്തിയില്ലെന്നും പർവീൺ ഹഫീസ് പറഞ്ഞു.

ആൻമേരി ജിജു, ഇ.എസ്. ഷീബ, സിസ്റ്റർ ലൂസി കളപ്പുര, ഡോ. നിർമ്മല ലില്ലി, ഡോ. പി.എ. മേരി അനിത, ലേഖ ബാലചന്ദ്രൻ, ജീന ഫെർണാണ്ടസ്, ഡോ. മുംതാസ് ഖാലിദ് ഇസ്‌മയിൽ, ഡോ. ഐശ്വര്യ ജയകുമാർ, പ​ത്മ​ജ​ ​എസ്.​ മേ​നോൻ എന്നിവരും സംവാദത്തിൽ പങ്കെടുത്തു.