പറവൂർ: മുൻ വർഷങ്ങളിൽ നികുതിയടച്ച പറവൂർ നഗരപ്രദേശത്തെ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും കുടിശികയുണ്ടെന്ന് കാട്ടി നഗരസഭയുടെ നോട്ടീസ്. കെ സ്മാർട്ട് നഗരസഭയിൽ നടപ്പിലാക്കിയിട്ടും കൃത്യമായ പ്രവർത്തനങ്ങൾ ഇനിയുടെ ആരംഭിച്ചിട്ടില്ല. കെട്ടിടങ്ങൾ, വീടുകൾ എന്നിവയുടെ നമ്പറുകൾ ഡേറ്റാബേസിൽ ചേർക്കാൻ ഇതുവരെ സാധിച്ചിട്ടുമില്ല. ഇതുമൂലമാണ് യഥാർത്ഥ നികുതിയും കുടിശികയും തിട്ടിപ്പെടുത്താൻ സാധിക്കാത്തത്. നഗരപ്രദേശത്ത് 29 വാർഡുകളിലായി പതിമൂവായിരത്തിലധികം കെട്ടിടങ്ങളുണ്ട്. പകുതിയോളം കെട്ടിടങ്ങൾ ഡേറ്റാബേസിനു പുറത്താണ്. കൃത്യമായി നികുതി അടച്ചവരുടെ വിവരങ്ങൾ മാനുവൽ രജിസ്റ്ററിൽ ചേർത്തിട്ടില്ല, 660 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകൾക്ക് നികുതി പൂർണമായും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവർക്കും നികുതി അടയ്ക്കാൻ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ പറഞ്ഞു.

-----------------------------------

സംസ്ഥാന സർക്കാർ ജനുവരിയിൽ നടപ്പാക്കിയ കെ സ്മാർട്ടിന്റെ അപാകതയാണ് ഇതിന് കാരണമെന്ന് നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ പറഞ്ഞു. വേണ്ടത്ര പരിശീലനമോ മുന്നൊരുക്കമോ ഇല്ലാതെ നടപ്പാക്കിയതിന്റെ ബുദ്ധിമുട്ടുകളുണ്ട്. അത് മറച്ചുവെയ്ക്കാനാണ് പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കിയിട്ടുള്ളതെന്നും ചെയർപേഴ്സൺ ആരോപിച്ചു.