* ഇ.എസ്. ഷീബ
കേന്ദ്രസമിതി അംഗം, എസ്.എൻ.ഡി.പി യോഗം വനിതസംഘം.

ഒരുപാട് സ്ത്രീകളെ മുഖ്യാധാരയിലേക്ക് ഉയർത്തിക്കൊണ്ടുവന്നിട്ടുള്ള മഹാപ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. ഇച്ഛാശക്തിയും പിന്തുണയ്ക്കുന്നൊരു കുടുംബവുമുണ്ടെങ്കിൽ സ്ത്രീകൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരമുണ്ടാകും.

* ആൻമേരി ജിജു , ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ, ടാൽറോപ്പ്

ഐ.ടി മേഖലയിൽ സ്ത്രീകൾക്ക് വളരെയേറെ അവസരങ്ങളുണ്ട്. ഇന്ന് ഈ രംഗത്ത് വിജയകരമായി പ്രവർത്തിക്കുന്ന സംരംഭകരിൽ 60 ശതമാനത്തിലേറെയും സ്ത്രീകളാണ്. ഐ.ടിമേഖലിയിൽ സ്വയം മുന്നോട്ടുവരുന്നവർക്ക് ഉയർന്നുവരാൻ ആവശ്യമായ പരിശീലനമാണ് ടാൽറോപ്പ് നൽകുന്നത്.

* ഡോ. മുംതാസ് ഖാലിദ് ഇസ്‌മയിൽ
സെക്രട്ടറി,​ വിമൻസ് ഓൺട്രപ്രണർ നെറ്റ് വർക്ക്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഉള്ളതുപോലെ നിയമസഭയിലും പാർലമെന്റിലും സ്ത്രീകൾക്ക് അവസരം ലഭിക്കുന്നില്ല. സ്ത്രീകളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ രാഷ്ട്രീയപ്പാർട്ടികൾ വിമുഖരാണ്. സമൂഹത്തിന്റെ നാനാതുറകളിലുള്ള വനിതകളെ പരസ്പരം സയാഹിച്ച് മുന്നോട്ടുനയിക്കുന്ന പ്രസ്ഥാനമാണ് വിമൻസ് ഓൺട്രപ്രണർ നെറ്റ് വർക്ക്.

* സി. ലൂസി കളപ്പുരയ്ക്കൽ

പ്രതിസന്ധികൾ വരുമ്പോഴാണ് കൂടുതൽ ഉണർവോടെ അതിജീവിക്കാൻ സാധിക്കുന്നത്. ഒരു പ്രതിസന്ധിയുമില്ലെങ്കിൽ മുന്നോട്ടുപോകാനാവില്ല. ജീവിതത്തിൽ വിജയവും പരാജയവും തെറ്റിദ്ധാരണകളും ഉണ്ടാകും. പരാജയങ്ങളും തെറ്റിദ്ധാരണകളും മുമ്പോട്ടുപോകാനുള്ള ഊർജ്ജമായി മാറ്റണം. പുരുഷന്മാരെ അപേക്ഷിച്ച് പ്രതിസന്ധികളെ അതിജീവിക്കാൻ ശക്തിയുള്ളത് സ്ത്രീകൾക്കാണ്.

* ഡോ. നിർമ്മല ലില്ലി
ചാപ്റ്റർ പ്രസിഡന്റ്,​ സ്‌കാൽ ഇന്റർനാഷണൽ.

ഉറച്ച തീരുമാനവും കൃത്യമായ ലക്ഷ്യബോധവും ഉണ്ടെങ്കിൽ എത് പ്രതിസന്ധികളേയും അതിജീവിക്കാനാകുമെന്നതിന്റെ തെളിവാണ് എന്റെ ജീവിതം. നിരുത്സാഹപ്പെടുത്താനും എതിർക്കാനും പിന്തിരിപ്പിക്കാനും ഒരുപാട് പേരുണ്ടായിരുന്നിട്ടും ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ സ്വന്തം സ്ഥാനം അടയാളപ്പെടുത്താൻ സാധിച്ചത് ആ ലക്ഷ്യബോധമാണ്.

* ഡോ. പി.എ. മേരി അനിത
ഫൗണ്ടർ,​ സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ്

സോഷ്യൽവർക്കിൽ 80 ശതമാനവും സ്ത്രീകളാണ്. അവിടെ സ്ത്രീക്കും പുരുഷനും വെവ്വേറെ വെല്ലുവിളികളില്ല. ഏത് വെല്ലുവിളികളേയും തരണം ചെയ്യാനുള്ള കഴിവ് കൂടുതലുള്ളത് സ്ത്രീകൾക്കാണ്. കാലമെത്ര പുരോഗമിച്ചെങ്കിലും വീട്ടിലെ ഓരോരുത്തരുടേയും ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഭക്ഷണം തയ്യാറാക്കിവച്ചിട്ടേ ഒരു സ്ത്രീക്ക് അവൾ ഏത് രംഗത്ത് ആയാലും വീടുവിട്ടിറങ്ങാൻ സാധിക്കു എന്നത് യാഥാർത്ഥ്യമാണ്.

* ലേഖ ബാലചന്ദ്രൻ
മാനേജിംഗ് പാർട്ണർ,​ റെസിടെക്

സ്ത്രീ ആയതുകൊണ്ട് വ്യവസായസംരംഭക ആകാൻ ഒരു തടസവും ഉണ്ടായിട്ടില്ല. വ്യവസായ - ഉത്പാദന മേഖലയിൽ സ്തീ- പുരുഷ ഭേദമില്ല. ധൈര്യമുണ്ടെങ്കിൽ സ്ത്രീകൾക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്തത് ഒന്നുമില്ല. അപകർഷതാബോധം ആവശ്യമില്ല. കുടുംബത്തിന്റെ പിന്തുണയാണ് ആവശ്യം. സ്ത്രീകൾക്ക് ഉയർന്നുവരാൻ സാധിക്കുന്ന നിരവധി അവസരങ്ങൾ സമൂഹത്തിലുണ്ട്.

* ജീന ഫെർണാണ്ടസ്
എം.ഡി ബെസ്റ്റിനേഷൻ ഹോളിഡേയ്സ്

ടൂറിസംരംഗത്ത് 22വർഷത്തെ അനുഭവസമ്പത്തുണ്ട്. തുടക്കകാലത്ത് സാങ്കേതികവിദ്യകളുടെ പരിമിതി വെല്ലുവിളിയായിരുന്നു. ഇന്ന് അത്തരത്തിലുള്ള യാതൊരു പ്രതിസന്ധിയുമില്ല. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ടൂർപാക്കേജ് ഓപ്പറേറ്റ് ചെയ്യുന്നത് ഒരു സ്ത്രീ ആയതുകൊണ്ട് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഗ്രൂപ്പിൽ എല്ലാവരോടും മാതൃവാത്സല്യത്തോടെ ഇടപെടാനും സംതൃപ്തി നല്കാനും സാധിച്ചിട്ടുണ്ട്.

* ഡോ. ഐശ്വര്യ ജയകുമാർ
ഡയറക്‌ടർ,​ പവർജീൻ സോളാർ പ്രൈവറ്റ് ലിമിറ്റഡ്

സ്ത്രീകൾക്ക് മാത്രമായി സുരക്ഷിതമേഖല എന്നൊന്നില്ല. എവിടെ ഏത് മേഖലയിൽ എത്തുന്നുവോ അവിടെ സുരക്ഷിതത്വം സ്വയം കണ്ടെത്തുകയാണ് വേണ്ടത്.

* പ​ത്മ​ജ​ ​എ​സ്.​ മേ​നോൻ
കൗ​ൺ​​​സി​​​ല​ർ,​ ​കൊ​ച്ചി​​​ ​കോ​ർ​പ്പ​റേ​ഷൻ.

നിർഭയത്വമാണ് സ്ത്രീകൾക്ക് ആവശ്യം. അത് സ്ത്രീകൾ സ്വയം ആർജിക്കേണ്ടതുമാണ്. പൊലീസ് സംരക്ഷണയിൽ സംഘടിപ്പിക്കുന്ന രാത്രി നടത്തങ്ങളും കൂട്ടയോട്ടവും സ്ത്രീകൾക്ക് എങ്ങനെ പ്രയോജനപ്പെടും എന്നറിയില്ല. അത്തരം പരിപാടികളോട് യോജിപ്പുമില്ല.