noushad
സി.പി. നൗഷാദ്

ആലുവ: സാമ്പത്തീക പ്രതിസന്ധികൾക്കിടിയിലും ആർക്കും മാതൃകയാക്കാവുന്ന പൊതുപ്രവർത്തകനും ചൂർണിക്കര ഗ്രാമപഞ്ചായത്ത് അംഗവുമായ സി.പി. നൗഷാദ് ഗുരുതരമായ കരൾ രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.

ഒമ്പതാം വാർഡംഗമെന്ന നിലയിൽ നാട്ടുകാരുടെ ആവശ്യങ്ങൾക്ക് രാപകൽ ഓടിനടന്നിരുന്ന നൗഷാദിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നാടാകെ ഒന്നിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് ഹൃദയ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിക്കുകയും കരൾ തകരാറിലാകുകയുമായിരുന്നു. കരളിന്റെ പ്രവർത്തനം മോശമായതിനാൽ എത്രയും പെട്ടെന്ന് കരൾ മാറ്റി വെക്കണമെന്നാണ് ഡോക്ടർമാരുടെ നി‌ർദേശം. മകൻ മുഹമ്മദ് സജീദ് കരൾ നൽകുന്നതിന് സന്നദ്ധമാണെങ്കിലും ചികിത്സയ്ക്കുള്ള തുക കണ്ടെത്താൻ കഴിഞ്ഞില്ല. ശാസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 50 ലക്ഷത്തിലധികം രൂപ വേണം.

ജി.ടി.എൻ കമ്പനിയിൽ താത്ക്കാലിക ജീവനക്കാരനായിരുന്നു നൗഷാദ്. കമ്പനി പ്രവർത്തനം നിലച്ചതിനാൽ തൊഴിൽരഹിതനായിരുന്നു. ഇതിനിടയിലാണ് രോഗബാധിതനായത്. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനാൽ ആസ്റ്റർ മെഡിസിറ്റിയിൽ അത്യാഹിത വിഭാഗത്തിലാണ്. നിലവിൽ ന്യുമോണിയയടക്കം ബാധിച്ചിട്ടുണ്ട്.

നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് സി.പി. നൗഷാദ് ചികിത്സ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, കൊടികുത്തുമല ജമാഅത്ത് സെക്രട്ടറി നാദിർഷ എന്നിവരാണ് നേതൃത്വം നൽകുന്നത്. ചികിത്സ സഹായം സ്വീകരിക്കാൻ നൗഷാദിന്റെ ഭാര്യ ഷംല നൗഷാദിന്റെ പേരിൽ ഫെഡറൽ ബാങ്ക് തായിക്കാട്ടുകര ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 15120100301208. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001512. ഗൂഗിൾ പേ നമ്പർ: 9895007836.