chowra
ചൊവ്വരക്കടവിൽ കുളിക്കാനെത്തുന്നവരുടെ തിരക്ക്

ആലുവ: കൊടുംചൂടിൽ ഉരുകുമ്പോൾ കുളിരുതേടി കുട്ടമശേരി ചൊവ്വര കടവിൽ എത്തുന്നവരുടെ തിരക്കേറി. പരീക്ഷകൾ അവസാനിച്ചതോടെ നൂറുകണക്കിന് സ്കൂൾ കുട്ടികളും മുതിർന്നവർക്കൊപ്പം പെരിയാറിൽ നീന്തിക്കുളിക്കാനെത്തുന്നുണ്ട്.

പെരിയാറിനെ തഴുകിയെത്തുന്ന ഇളം കാറ്റേൽക്കാനും ഇവിടെ നിരവധി പേരെത്തുന്നുണ്ട്. പകൽ സമയങ്ങളിൽ മാത്രമല്ല, രാത്രിയും കുളിക്കാൻ നിരവധി പേരെത്തുന്നുണ്ട്. പെരിയാറിനൊപ്പം തീരത്ത് വിശാലമായി പന്തലിച്ചു നിൽക്കുന്ന തണൽ മരങ്ങളും പ്രധാന ആകർഷണമാണ്. സുരക്ഷിതമായി പുഴയിലിറങ്ങുന്നതിന് കീഴ്‌മാട് ഗ്രാമപഞ്ചായത്ത് കടവ്വി വിശാലമായി കെട്ടിയിട്ടുണ്ട്. കടവിൽ ചവിട്ടുപടികൾ ഉള്ളതും ആശ്വസമാണ്. വൃക്ഷങ്ങളുടെ തണലിൽ ഇരിക്കുന്നതിനായി നാട്ടുകാർ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.

ചൊവ്വര കടവിനും കഥകളുണ്ട്

പതിറ്റാണ്ടുകൾക്ക് മുമ്പ് തിരുവിതാംകൂർ കൊച്ചി രാജ്യത്തിന്റെ ചൗക്കകൾ (ചെക്ക്‌പോസ്റ്റ്) നിലനിന്നിരുന്നത് ചൊവ്വര കടവിലാണ്. കീഴ്‌മാട് പഞ്ചായത്തിലെ ചൊവ്വരയിൽ തിരുവിതാംകൂറിന്റെയും മറുകരയിൽ ശ്രീമൂലനഗരം പഞ്ചായത്തിൽ കൊച്ചി രാജ്യത്തിന്റെയും ചൗക്കകളായിരുന്നു.
മഹിളാലയം - തുരുത്ത് പാലം വരുന്നതുവരെ ജങ്കാർ സർവ്വീസും കടത്തുവഞ്ചിയുമെല്ലാം ഉണ്ടായിരുന്നു.

മാലിന്യം നീക്കി മനോഹരമാക്കി

വിസ്‌തൃതമായ പുഴയോരം രണ്ട് വർഷം മുമ്പ് വരെ മാലിന്യ കേന്ദ്രമായിരുന്നു. കുട്ടമശേരി - ചൊവ്വര നിവാസികളാണ് മാലിന്യ മുക്തമാക്കിയത്. ഇവിടെ വർണ്ണ ചിത്രങ്ങൾ വരച്ചും നിറങ്ങളടിച്ചും ആറ് മീറ്റർ നീളത്തിൽ പുഴയോരം പുനരുജ്ജീവിപ്പിക്കുകയായിരുന്നു.
വർഷാവർഷം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ കടവ് പൂർണമായി മുങ്ങുമെങ്കിലും ചെടികളും ചെടിച്ചട്ടികളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയാണ് സംരക്ഷിക്കുന്നത്.