കൊച്ചി: ഹൈക്കോടതിയിലെ ഡ്രൈവറായ ഗൃഹനാഥന് വളർത്തുനായ കുരച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പരിക്കേറ്റ സംഭവത്തിൽ ഞെട്ടൽ വിട്ടുമാറാതെ പ്രദേശവാസികൾ. അന്യസംസ്ഥാനക്കാരായ പോസ്റ്റൽ ജീവനക്കാരാണ് വിനോദെന്ന പ്രദേശവാസിയെ അവശനാക്കിയതെന്നതാണ് അമ്പരപ്പ് വർദ്ധിപ്പിക്കുന്നത്.
അശ്വനി ഖോക്കർ (27, യു.പി), കുശാൽ ഗുപ്ത (27, യു.പി), ഉത്കർ ഗോയൽ (25, രാജസ്ഥാൻ), ദീപക് (26, ഹരിയാന) എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
മുല്ലശേരി കനാൽറോഡിലുള്ള ഓമനക്കുട്ടൻ എന്നയാളുടെ വീട്ടിലാണ് കഴിഞ്ഞ അഞ്ചുമാസമായി പ്രതികൾ താമസിച്ചിരുന്നത്. ഇവരെക്കുറിച്ച് നേരത്തെ പ്രദേശവാസികളുടെയോ മറ്റാരുടെയെങ്കിലുമോ പരാതികൾ ലഭിച്ചിരുന്നില്ലെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. അങ്ങനെയുള്ളവരിൽനിന്ന് ഇത്തരമൊരു അനുഭവമുണ്ടായപ്പോൾ ഞെട്ടലാണുണ്ടായതെന്ന് ഓമനക്കുട്ടൻ പറഞ്ഞു. നാല് പേരാണ് ഇവിടെ ആദ്യം താമസത്തിനെത്തിയത്. ഒരാൾ സ്ഥലംമാറിപ്പോയി.
വിനോദും ഭാര്യയും പ്രതികളുമായുള്ള തർക്കംകേട്ടാണ് ഇവിടേക്ക് വന്നതെന്നും ഭീതിയോടെയാണ് തിങ്കളാഴ്ച രാത്രിയിലെ സംഭവങ്ങൾ കണ്ടു നിന്നതെന്നും സമീപത്തെ ഹോസ്റ്റലിലെ ജീവനക്കാരി മഞ്ജു പറഞ്ഞു.
മുല്ലശേരി കനാൽ റോഡിലെ ഇരുനില കെട്ടിടത്തിന്റെ താഴെ ഭാഗത്താണ് വിനോദും ഭാര്യയും താമസിക്കുന്നത്. മുകൾഭാഗത്ത് ഒരുകുടുംബം വാടകയ്ക്ക് താമസിക്കുന്നുണ്ട്. താഴത്തെ നിലയിലെ കടമുറിയും വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. വിനോദിന്റെ രണ്ടുമക്കളും വിദ്യാർത്ഥികളാണ്. ഒരാൾ കോതമംഗലതത്തും ഒരാൾ കാക്കനാട്ടും. സംഭവസമയത്ത് വിനോദും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ പട്ടി കുരച്ചത് ചോദ്യംചെയ്ത പ്രതികൾ ഇതിന് പിന്നാലെ മതിലിനിപ്പുറംനിന്ന തങ്ങളുടെ പട്ടിയെ ചെരുപ്പുകൊണ്ട് അടിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോഴാണ് മർദ്ദനം ഉണ്ടായതെന്നും വിനോദിന്റെ ഭാര്യ പറഞ്ഞു. മതിലിനപ്പുറത്തുനിന്ന് പ്രതികൾ വിനോദിനെ കഴുത്തിനുപിടിച്ച് ഉയർത്തി നിറുത്തിയപ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണത്. വിനോദ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.
* രാത്രികാലങ്ങൾ ഭീതിജനകം
മുല്ലശേരി കനാൽറോഡിലെ ജനങ്ങൾക്ക് അന്യസംസ്ഥാനക്കാർ ഇവിടെ താമസക്കാരായെത്തിയതോടെ സമാധാനം നഷ്ടപ്പെട്ട അവസ്ഥയാണ്. രാത്രികാലങ്ങളിൽ റോഡുകൾ അന്യസംസ്ഥാനക്കാർ കൈയടക്കും പിന്നെ ഒച്ചയും ബഹളവുമാണ്. ചോദ്യംചെയ്താൽ അസ്യഭം പറയലും പതിവാണ്. പലവട്ടം പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഭീതിയോടെയേ രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കാനാവുകയുള്ളുവെന്ന് പ്രദേശവാസികൾ പറയുന്നു.