കൊച്ചി: സമൂഹത്തിന്റെ വിവിധ തുറകളിൽ നേതൃപാടവം തെളിയിച്ച് വിജയിച്ച വനിതകളുടെ ഒത്തുചേരലിന് വേദിയായി കേരളകൗമുദി, കൗമുദി ടിവി വനിതാശക്തിസംഗമം സമാപിച്ചു. അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി രണ്ടുഘട്ടങ്ങളിലായി സംഘടിപ്പിച്ച പരിപാടിയുടെ സമാപന സമ്മേളനമായിരുന്നു വേദി. പാലാരിവട്ടം റിനൈയിൽ നടന്ന പരിപാടിയിൽ ആതുരസേവനം, വ്യവസായം, ട്രാവൽ ആൻഡ് ടൂറിസം, ഐ.ടി, കല, സാംസ്കാരികം, സാമൂഹ്യസേവനം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ സ്വയംകരുത്ത് തെളിയിച്ച വനിതകൾ പങ്കെടുത്തു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് വനിതശക്തിസംഗമം-2 ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സംവാദം സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് തുറന്നുപറച്ചിലുകളുടെ വേദിയായി. സ്ത്രീസംരവണം എന്നത് ആരെങ്കിലും ഔദാര്യം പോലെ വിട്ടുകൊടുക്കേണ്ട ആനുകൂല്യമല്ലെന്നും ധൈര്യവും ആത്മവിശ്വാസവുമുള്ള സ്ത്രീകൾ മുമ്പോട്ടുവന്ന് സ്വയം ആർജിക്കേണ്ട അവകാശമാണെന്നും സദസ് ഒരേസ്വരത്തിൽ വാദിച്ചു. സ്ത്രീമുന്നേറ്റത്തെ തടസപ്പെടുത്ത സ്ത്രീകളാണ് സാമൂഹ്യപുരോഗതിയുടെ ശത്രുക്കളെന്നും സെമിനാർ വിലയിരുത്തി. ഒന്നര മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ ആതുരസേവനം, കല, വ്യവസായം, ടൂറിസം മേഖലകളിൽ കഴിവ് തെളിച്ചവനിതകൾ അവരവരുടെ ജീവതാനുഭവങ്ങളും പങ്കുവച്ചു. പരിപാടിയുടെ പ്രസക്തഭാഗങ്ങൾ കൗമുദി ടിവി പിന്നീട് സംപ്രേഷണം ചെയ്യും.