കൊച്ചി: കൊച്ചി കോർപറേഷന്റെ 16-ാം സർക്കിളിന് കീഴിലുള്ള കതൃക്കടവ് ഡിവിഷനിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് 'ഇരിപ്പുറയ്ക്കില്ല'. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരെയാണ് നിയമനം നൽകി മാസങ്ങൾക്കുള്ളിൽ സ്ഥലംമാറ്റിയത്. മാലിന്യ നീക്കം ഉൾപ്പടെയുള്ള കാര്യങ്ങൾ അവതാളത്തിലായെന്ന് ഡിവിഷൻ കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു.

ആദ്യം ഉണ്ടായിരുന്ന ജെ.എച്ച്‌.ഐ യെ മാറ്റിയത് ഡിവിഷനിൽ നന്നായി ജോലി ചെയ്യുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണെന്ന് അരിസ്റ്റോട്ടിൽ പറഞ്ഞു. ഇവരെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റുകയായിരുന്നു. പകരം വന്ന വനിതാ ഉദ്യോഗസ്ഥയെ മൂന്ന് മാസത്തിന് ശേഷം സ്ഥലം മാറ്റി. ഈ മാസം 31 വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നത്. അടുത്ത മാസം മറ്റൊരു ഉദ്യോഗസ്ഥനെ ഇവിടേക്ക് നിയമിക്കേണ്ടതായി വരും. വിഷയം ഗൗരവമുള്ളതാണെന്ന് അഭിപ്രായപ്പെട്ട മേയർ ഉദ്യോഗസ്ഥരെ അടിക്കടിമാറ്റുന്ന രീതി അവസാനിപ്പിക്കണമെന്ന് നിർദേശം നൽകി.

കെ സ്മാർട്ട് ചർച്ചയ്ക്കെടുത്തില്ല
കോർപ്പറേഷൻ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന കെ സ്മാർട്ട് സംവിധാനത്തിന്റെ പാളിച്ചകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം നൽകിയ പ്രമേയം ചർച്ചയ്‌ക്കെടുക്കാതെ മേയർ. ലൈസൻസും സർട്ടിഫിക്കറ്റും ഉൾപ്പടെയുള്ള സേവനങ്ങൾ പൂർണ തോതിൽ കെ. സ്മാർട്ടിൽ ലഭ്യമാകാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് അന്റണി കുരീത്തറയും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിലും പറഞ്ഞു.