ജന്മനാട്ടിൽ ബെന്നി ബെഹനാൻ
ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന്റെ ഇന്നലെത്തെ പര്യടനം ജന്മനാടായ വെങ്ങോല മേപ്രത്തുപടിയിലായിരുന്നു. മുതിർന്ന വോട്ടർമാരെയെല്ലാം നേരിട്ടു കണ്ട് പരിചയം പുതുക്കി. പുതിയ വോട്ടർമാരെയും കാണാൻ മറന്നില്ല. വെങ്ങോല- മേപ്രത്ത്പടിക്ക് പുറമേ പെരുമ്പാവൂരിന്റെ പലയിടങ്ങളും സ്ഥാനാർത്ഥി ഓടിയെത്തി. പെരുമ്പാവൂർ കോടതിയിലെത്തി അഭിഭാഷകരോട് വോട്ട് അഭ്യർത്ഥിച്ചു. മത്സ്യ മാർക്കറ്റിലെ തൊഴിലാളികളെയും, ലോഡിംഗ് തൊഴിലാളികളെയും സന്ദർശിച്ചു. എൽദോസ് കുന്നപ്പള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ, വെങ്ങോല പഞ്ചായത്ത് പ്രസിഡണ്ട് രാഹുൽ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് ഏറിയാട് ബ്ലോക്കിലെ അഴീക്കോട്, എടവിലങ്ങ്, എസ്.എൻ പുരം എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥിയുടെ പര്യടനം.
തൊഴിലാളികളെ സന്ദർശിച്ച് പ്രൊഫ. സി. രവീന്ദ്രനാഥ്
ആലുവയിലെ വിവിധ തൊഴിലാളി സമൂഹത്തെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് ഇന്നലെ പ്രചാരണം ആരംഭിച്ചത്. ആലുവ മാർക്കറ്റിലെത്തിയ സ്ഥാനാർത്ഥിയെ പച്ചക്കറി കൊണ്ടുള്ള മാലയും ബൊക്കയും നൽകി തൊഴിലാളികൾ സ്വീകരിച്ചു.
മാർക്കറ്റിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന ഉണ്ടാകുമെന്ന പറഞ്ഞ രവീന്ദ്രനാഥ് സാധ്യമായ ഇടപെടലുകൾ നടത്തുമെന്നും ഉറപ്പ് നൽകി.
മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ.എ. ഉണ്ണികൃഷ്ണൻ
കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ ഇന്നലെ വോട്ട് തേടിയെത്തിയത്. ചാലക്കുടി,കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പര്യടനം. വിവിധ ആരാധനാലയങ്ങളും സ്ഥാനാർത്ഥി സന്ദർശിച്ചു.
രണ്ടാം ഘട്ടത്തിലേക്ക് കടന്ന് ട്വന്റി-20
ട്വന്റി- ട്വന്റി സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ പുത്തൻചിറ, മാള പഞ്ചായത്തുകളിലാണ് ഇന്നലെ പ്രചാരണം നടത്തിയത്. ട്വന്റി- 20 സ്ഥാനാർത്ഥി. കരിങ്ങാച്ചിറ, വെള്ളൂർ, കോവിലകത്തുകുന്ന്, തകരപ്പിള്ളി ക്ഷേത്രം, കണ്ണായി പീടിക, ആനപ്പാറ, കുരൂർ തുടങ്ങിയ ഇടങ്ങളും സ്ഥാനാർഥി സന്ദർശിച്ചു. കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഡോ. വർഗീസ് ജോർജ് ഇന്നലത്തെ മണ്ഡല പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്തു.