നെടുമ്പാശേരി: ആലുവ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പാറക്കടവ് പുളിയനം കളരിക്കൽവീട്ടിൽ രഘുവിന്റെ മകൻ കെ.ആർ. ബാബുരാജിനെ (52) വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വീട്ടിൽനിന്ന് 100മീറ്ററോളം ദൂരെ പാടത്തേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പിൽ ഇന്നലെ പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അങ്കമാലി പൊലീസെത്തി മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ജില്ലാ പൊലീസ് ആസ്ഥാനത്ത് സ്‌പെഷ്യൽ ബ്രാഞ്ചിൽ ഓഫീസ് ജോലിയിലായിരുന്ന ബാബുരാജ് എസ്.ഐയായി പ്രമോഷൻ ലഭിച്ചതിനെത്തുടർന്ന് രണ്ടാഴ്ച മുമ്പാണ് ആലുവ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് മാറിയത്.
തിങ്കളാഴ്ച രാതി എളവൂർ പുത്തൻകാവ് ക്ഷേത്രോത്സവത്തിൽ പങ്കെടുത്തശേഷം ഹോട്ടലിൽനിന്ന് ഭക്ഷണംവാങ്ങി വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കഴിച്ചശേഷം ഉറങ്ങാൻ കിടന്നതാണെന്ന് ബന്ധുക്കൾ പറയുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം കിടങ്ങൂർ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.
മാതാവ്: പത്മിനി. ഭാര്യ: ജയന്തി. മക്കൾ: സിദ്ധാർത്ഥ്, ശ്രീരാഗ്.
* ഓഫീസ് ജോലി മാറിയതിന്റെ
വിഷമമെന്ന് സൂചന
പത്ത് വർഷത്തോളമായി ജില്ലാ പൊലീസ് ആസ്ഥാനത്ത് സ്പെഷ്യൽബ്രാഞ്ച് പൊലീസിന്റെ ഭാഗമായിരുന്ന കെ.ആർ. ബാബുരാജ് പ്രമോഷൻ ലഭിച്ചതിനെ തുടർന്നാണ് ആലുവ പൊലീസ് സ്റ്റേഷനിലെത്തിയത്. യൂണിഫോംപോലും ധരിക്കാതെ ഓഫീസ് ഡ്യൂട്ടി നിർവഹിച്ചിരുന്ന ബാബുരാജ് സ്റ്റേഷൻ ഡ്യൂട്ടിയിൽ അസംതൃപ്തനായിരുന്നുവെന്നാണ് സൂചന. ഇതേത്തുടർന്നുള്ള മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് കരുതുന്നു. ഓഫീസ് ഡ്യൂട്ടിയിൽനിന്ന് മാറി നൈറ്റ്ഡ്യൂട്ടിയും ഓഫീസിന് പുറത്തെ ഉത്തരവാദിത്വങ്ങളുമായതോടെ ബാബുരാജ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും പറയുന്നു.