* മൂന്നുവർഷം തടവും അഞ്ചുലക്ഷം രൂപ പിഴയും
മൂവാറ്റുപുഴ: അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ ചിത്തിരപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ രണ്ടരലക്ഷം രൂപയോളം വെട്ടിച്ച് അഴിമതി നടത്തിയ കേസിൽ കോൺട്രാക്ടർ കോതമംഗലം കോയിച്ചകുടിയിൽ സണ്ണി പോളിന് (52) മൂന്നുവർഷം തടവും 5ലക്ഷംരൂപ പിഴയ്ക്കും മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി. രാജുവാണ് ശിക്ഷ വിധിച്ചത്. കേസിലെ മൂന്നാംപ്രതി അസിസ്റ്റന്റ് എൻജിനിയർ നെയ്യാറ്റിൻകര സ്വദേശി കെ. സുധാകരനെ കോടതി വെറുതെവിട്ടു. എൻജിനിയർമാരായിരുന്ന രണ്ടാംപ്രതി ഫ്രാൻസിസ്, നാലാംപ്രതി ജോസഫ് എന്നിവർ മരിച്ചുപോയിരുന്നു.
കോട്ടയം കോടതിയിലാണ് ആദ്യം കേസ് ഫയൽ ചെയ്തിരുന്നത്. പിന്നീട് മൂവാറ്റുപുഴയിലേക്ക് മാറ്റുകയായിരുന്നു. 2004 - 2005 വർഷത്തിലാണ് കേസ്സിനാസ്പദമായ അഴിമതി നടന്നത്. വർക്ക് ബുക്കിൽ 4,73,000 രൂപയ്ക്ക് എൻജിനിയർമാർ ബില്ലെഴുതിയതിൽ ചെയ്യാത്തജോലിക്ക് അധികമായി 2,56,925 രൂപ എഴുതി കോൺട്രാക്ടറെ സഹായിച്ചുെവന്നാണ് വിജിലൻസ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. 2006ൽ ഇടുക്കി വിജിലൻസ് പൊലീസിലെ ഇൻസ്പെക്ടർ വി. വിജയൻ നടത്തിയ അന്വേഷണത്തിലാണ് അഴിമതി നിരോധനവകുപ്പ് പ്രകാരവും മറ്റു വകുപ്പുകൾ പ്രകാരവും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി.