x

പുതിയ സാമ്പത്തികവർഷത്തിന് ഏപ്രിൽ ഒന്നിന് തുടക്കമാവുകയാണ്. പുതിയ സാമ്പത്തിക നയങ്ങളും ബജറ്റ് പ്രഖ്യാപനങ്ങളും പ്രാവർത്തികമാകുന്ന സമയം. സാധാരണഗതിയിൽ ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന തീരുമാനങ്ങളാണ് വി‌‌ഡ്ഢിദിനത്തിൽ പ്രാബല്യത്തിൽ വരാറുള്ളത്. എന്നാൽ രാജ്യം തിരഞ്ഞെടുപ്പിനിടയായതിനാൽ സർക്കാരുകൾ കാര്യമായ ബാദ്ധ്യത തലയിൽ വച്ചു തന്നിട്ടില്ല. ആദായ നികുതി ചട്ടങ്ങളിലെ ചില്ലറ മാറ്റങ്ങൾ മാത്രം.

എന്നാൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തല്ലും തലോടലുമായി രംഗത്തുണ്ട്.

പുതിയ

ടാക്സ് റെജീം

ആദായ നികുതി ഫയലിംഗ് സുഗമമാക്കുക, കൂടുതൽപ്പേരെ നികുതി നെറ്റ്‌വർക്കിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2023ൽ കേന്ദ്രം പുതിയ നികുതി സംവിധാനം കൊണ്ടുവന്നത്. ഇളവുകൾ കൂടുതലുണ്ടെന്നു കണ്ടാൽ നികുതിദായകർക്ക് പഴയ റെജീമിൽ തന്നെ തുടരാനും അവസരമുണ്ട്. എന്നാൽ ഇനി മുതൽ പഴയ സ്കീമിനുള്ള ഓപ്ഷൻ പ്രത്യേകം നൽകാതിരുന്നാൽ അത്തരം അപേക്ഷകരെ ന്യൂ റെജീമിന്റെ ഭാഗമായി കണക്കാക്കും. ഈ തീരുമാനമാണ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകുന്നത്.

പുതിയ റെജീമിൽ നികുതി കണക്കാക്കുന്ന അടിസ്ഥാന (വാർഷിക) വരുമാനപരിധി രണ്ടര ലക്ഷത്തിൽ നിന്ന് മൂന്നുലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. 87 എ വകുപ്പുപ്രകാരമുള്ള ഡിഡക്‌ഷൻ 5 ലക്ഷത്തിൽ നിന്ന് 7 ലക്ഷവുമാക്കി. അതായത് 7 ലക്ഷം രൂപ വരെ ടാക്സബിൾ വരുമാനമുള്ള വ്യക്തി ഒരു പൈസ പോലും ആദായ നികുതി നൽകേണ്ടതില്ല. 7.5 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് 10 ശതമാനവും 9-12 ലക്ഷത്തിന് 15 ശതമാനവും 12-15 ലക്ഷത്തിന് 20 ശതമാനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമാണ് നികുതി. മുമ്പ് പഴയ റെജീമിന് മാത്രം ബാധമായിരുന്ന സ്റ്റാൻഡേ‌ർഡ് ഡിഡക്ഷനായ 50,000 രൂപ ന്യൂ സ്കീമിനും ബാധകമാക്കി. വ്യക്തികളുടെ ടാക്സബിൾ ഇൻകം ഇതോടെ വീണ്ടും കുറയും. അഞ്ചുകോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് നിലവിൽ 37 ശതമാനം സർചാർജുണ്ട്. ഏപ്രിൽ ഒന്നുമുതൽ ന്യൂ റെജീം സ്വീകരിക്കുന്നവർക്ക് ഇത് 25 ശതമാനമായി കുറയും. കച്ചവടക്കാർക്കും മറ്റും ആശ്വാസമാകുന്ന തീരുമാനമാണിത്. അതേസമയം അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുള്ള ജീവൻ സുരക്ഷാ പോളിസികളുടെ മെച്യുരിറ്റി തുകയ്ക്ക് നികുതി ബാധകമാക്കുന്നത് ഇടത്തരക്കാർക്ക് തിരിച്ചടിയാണ്.

എൽ.ഐ.സി

സറണ്ടർ

കാലവധി പൂ‌ർത്തിയാക്കും മുമ്പ് സറണ്ടർ ചെയ്യുന്ന പോളിസികൾക്ക് തിരിച്ചുകിട്ടുന്ന തുക നിലവിൽ അനാകർഷകമാണ്. ഈ പ്രശ്നത്തിന് പരിഹാരമായി ഏപ്രിൽ ഒന്നു മുതൽ എൽ.ഐ.സി പുതിയ സ്കീം നടപ്പാക്കുകയാണ്. ഇത് പ്രകാരം, പോളിസി തുടങ്ങി രണ്ടുവർഷത്തിനകം സറണ്ടർ ചെയ്യുന്നവർക്ക് അതുവരെയുള്ള പണമടവ് കൃത്യമാണെങ്കിൽ മൊത്തം പ്രീമിയം തുകയുടെ 30 ശതമാനം തിരിച്ചുകിട്ടും. മൂന്നാം വർഷമാണ് അവസാനിപ്പിക്കുന്നതെങ്കിൽ 35 ശതമാനവും 4-7 വർഷത്തിൽ സറണ്ടർ ചെയ്താൽ 50 ശതമാനവും തിരിച്ചുകിട്ടും. പോളിസി കാലാവധിയുടെ അവസാന രണ്ടുവർഷത്തിനിടെയാണ് സറണ്ടർ ചെയ്യുന്നതെങ്കിൽ 90 ശതമാനം തുകയും നൽകും. നോൺ സിംഗിൾ പോളിസികൾക്ക് ഗാരന്റീഡ് സറണ്ടർ വാല്യൂ ഏർപ്പെടുത്തുമെന്നും എൽ.ഐ.സി അറിയിച്ചിട്ടുണ്ട്.

പിഴപ്പലിശ

ഒഴിവാകും

വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക് പേടിസ്വപ്നമായ പിഴപ്പലിശ പുതിയ സാമ്പത്തിക വർഷം മുതൽ ഒഴിവാക്കാൻ ആർ.ബി.ഐ നിർദ്ദേശിച്ചിട്ടുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ബാങ്കുകൾക്ക് കക്ഷികളിൽ നിന്ന് പിഴ ഈടാക്കാം. എന്നാൽ മുതലും പിഴയും കൂടി കണക്കാക്കി പലിശ ഈടാക്കില്ല. ഈടുവച്ച ആധാരം ലോൺ തിരിച്ചടച്ചശേഷവും മടക്കിക്കൊടുക്കാൻ വൈകിയാൽ ബാങ്കുകൾക്കും പിഴവരും. വൈകുന്ന ഓരോ ദിവസത്തിനും ബാങ്കുകൾ 5000 രൂപ വീതം നഷ്ടപരിഹാരം നൽകേണ്ടിവരും. ലോണെടുത്തവരെ ബാങ്കുകൾ ചൂഷണം ചെയ്യുന്നുവെന്ന പരാതികൾ വ്യാപകമായതോടെയാണ് പുതിയ നിർദ്ദേശങ്ങൾ.

ഡെബിറ്റ്

കാർഡ്

ഏപ്രിൽ ഒന്നു മുതൽ എ.ടി.എം. (ഡെബിറ്റ്) കാർഡുകളുടെ വാർഷിക മെയ്ന്റനൻസ് ചാർജ് കുത്തനേ ഉയരും. പ്രമുഖ ബാങ്കായ എസ്.ബി.ഐയുടെ ക്ലാസിക് കാർഡുകളുടെ മെയിന്റനൻസ് ചാർജ് 125 രൂപയും ജി.എസ്.ടിയും എന്ന നിലയിൽ നിന്ന് 200 രൂപയും ജി.എസ്.ടിയും എന്നതിലേക്ക് ഉയരും. ഗോൾഡ് കാ‌ർഡുകൾക്ക് 175 രൂപയും ജി.എസ്.ടിയുമായിരുന്നത് 250 ആകും. എസ്.ബി.ഐ പ്ലാറ്റിനം കാർഡുകളുടെ പരിപാലന ചാർജ് 425 രൂപയും ജി.എസ്.ടിയും എന്ന നിലയിലെത്തും.

ചെറുനിക്ഷേപങ്ങൾക്ക്

കൈത്താങ്ങില്ല

കിസാൻ വികാസ്, സുകുന്യ സമൃദ്ധി, പോസ്റ്റ് ഓഫീസ് ആർ.ഡി, പി.പി.എഫ് തുടങ്ങി സ്മാൾ സേവിംഗ്സ് നിക്ഷേപങ്ങൾക്ക് കേന്ദ്രം പലിശ കൂട്ടുമെന്നും ഇത് സാധാരണക്കാർക്ക് കൈത്താങ്ങാകുമെന്നും പുതുവർഷത്തിൽ ശ്രുതിയുണ്ടായിരുന്നു. എന്നാൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ ഇതു പ്രതീക്ഷേക്കേണ്ടതില്ലെന്നാണ് ധനമന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചത്. കേന്ദ്രത്തിൽ പുതിയ സർ‌ക്കാർ നിലവിൽ വന്നശേഷം ഇത് പരിഗണിച്ചേക്കും.

ജി.എസ്.ടി വകുപ്പും ഏപ്രിൽ ഒന്നു മുതൽ ചില പരിഷ്കാരങ്ങൾ വരുത്തുന്നുണ്ട്. പുതിയ ബില്ലിംഗ് സീരീസ് ജി.എസ്.ടി പുറത്തിറക്കും. ടാക്സ് ഇൻവോയ്സുകൾ 16 അക്ക സീരിയൽ നമ്പറിലേക്ക് മാറും. റെസീപ്റ്റ്, റീഫണ്ടിംഗ്, പെയ്മെന്റ് വൗച്ചറുകളും ഡെബിറ്റ്- ക്രെഡിറ്റ് നോട്ടുകളും പുതിയ സീരീസിലാകും.