milma

കൊച്ചി: അന്തരീക്ഷത്തിൽ ചൂട് വർദ്ധിച്ചതുമൂലം ക്ഷീരകർഷകരുടെ കറവമൃഗങ്ങളിൽ പാലുത്പാദനത്തിൽ കുറവ് വരുന്നത് മൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം പരിഹരിക്കാൻ പ്രത്യേക ഇൻഷ്വറൻസ് പദ്ധതി മിൽമ എറണാകുളം യൂണിയൻ നടപ്പാക്കും. ഹീറ്റ് ഇൻഡക്‌സ് ബെയ്‌സഡ് കാറ്റിൽ ഇൻഷ്വറൻസ് എന്ന പദ്ധതി ഏപ്രിൽ, മേയ് മാസങ്ങളിൽ നടപ്പാക്കുമെന്ന് ചെയർമാൻ എം.ടി. ജയൻ അറിയിച്ചു.

എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ താലൂക്ക് അടിസ്ഥാനത്തിൽ നിശ്ചയിച്ച താപനിലയിൽനിന്ന; തുടർച്ചയായി ഉയർന്ന താപനില രേഖപ്പെടുത്തുന്ന 6, 8, 14, 26 എന്നീ ദിവസങ്ങളിൽ യഥാക്രമം കറവമൃഗം ഒന്നിന് 200, 400, 600, 2000 രൂപ വീതമാണ് പരിരക്ഷ ലഭിക്കുന്നത്.
ഒരു കറവപ്പശുവിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് 99 രൂപയാണ് പ്രീമിയംനിരക്ക്. 50രൂപ മേഖലാ യൂണിയനും 49രൂപ കർഷകനിൽനിന്നും ഗുണഭോക്തൃ വിഹിതമായി സമാഹരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാല് ജില്ലകളിലായുള്ള ആയിരത്തിൽപ്പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിലെ കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്തും. പദ്ധതിയുടെ ആനുകൂല്യം കർഷകന്റെ അക്കൗണ്ടിൽ നേരിട്ട് എത്തിക്കും.