കൊച്ചി: ആരോഗ്യനില വഷളായതിനെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി. ഡയാലിസിസിന് വിധേയനാകുന്ന അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 20നാണ് മഅ്ദനിയെ എറണാകുളം മെഡിക്കൽട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശക്തമായ ശ്വാസതടസമുണ്ടായതിനെ തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഇന്നലെ രാവിലെ 6.30ന് വെന്റിലേറ്റർ ഐ.സി.യുവിലേയ്ക്ക് മാറ്റിയത്. രക്തസമ്മർദ്ദം ക്രമാതീതമായി വർദ്ധിക്കുകയും ഓക്‌സിജന്റെ അളവ് പെട്ടെന്ന് താഴുകയും ചെയ്തു. വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിൽ ഡയാലിസിസ് നടത്തി. ഭാര്യ സൂഫിയ മഅ്ദനി, മകൻ സലാഹുദ്ദീൻ അയൂബി, സഹോദരൻ സിദ്ധിഖ് തുടങ്ങിയവരും പാർട്ടി നേതാക്കളും ആശുപത്രിയിലുണ്ട്.