logo
ദർശനോത്സവ

കൊച്ചി: ശ്രീനാരായണ ഗുരുദേവനെയും ഗുരുദർശനത്തെയും ആശ്രയിച്ചാൽ മനുഷ്യന്റെ ദു:ഖദുരിതങ്ങൾ ശമിക്കുമെന്ന് ശിവഗിരി മഠത്തിലെ സ്വാമി അദ്വൈതാനന്ദതീർത്ഥ പറഞ്ഞു. ശ്രീനാരായണ ദർശനോത്സവത്തിൽ സംസാരിക്കുകയായിരുന്നു ദർശനോത്സവ ആചാര്യൻ കൂടിയായ സ്വാമി അദ്വൈതാനന്ദ തീർത്ഥ.

ഗുരുദേവൻ ശരീരധാരിയായിരുന്ന കാലഘട്ടത്തിലും ജനങ്ങൾ ഗുരുവിനെ സമീപിച്ചത് തങ്ങളുടെ ദു:ഖശാന്തിക്ക് വേണ്ടിയായിരുന്നു. തന്നിലേക്ക് വന്നിരുന്നവരെ ഒന്നിച്ചുചേർത്ത് അവരുടെ ഭൗതികപുരോഗതിക്ക് ആവശ്യമായ സംഘബലം സൃഷ്ടിക്കാൻ ഗുരുവിന് സാധിച്ചു. അവരുടെ ജീവിതത്തിലെ ഭൗതികവും ആത്മീയവുമായ എല്ലാ തലങ്ങളിലേക്കും ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു. ഗുരുവി​ന്റെ ആ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ദർശനോത്സവമെന്നും സ്വാമി പറഞ്ഞു.

അദ്വൈതാശ്രമം എന്ന വിഷയത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ക്ലാസ് നയിച്ചു. ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സൗമ്യ അനിരുദ്ധനും ഗുരുദേവ ഭക്തവാത്സല്യത്തെക്കുറിച്ച് രഞ്ജു അനന്തഭദ്രേത്ത് തന്ത്രിയും ക്ളാസെടുത്തു. രാവിലെ 9ന് യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ദർശനോത്സവ വേദി​യായ പാലാരി​വട്ടം യൂണി​യൻ ആസ്ഥാനമായ ആശാൻനഗറി​ൽ പതാക ഉയർത്തി.

• ദർശനോത്സവത്തിൽ ഇന്ന്

രാവിലെ 9.30ന് റിട്ട. തഹസിൽദാരും ശ്രീനാരായണ ദർശനപഠനകേന്ദ്രം ഡയറക്ടറുമായ വിജയലാൽ നെടുങ്കണ്ടം - മൗനമന്ദഹാസത്തിലെ മഹാത്ഭുതങ്ങൾ, 11.15ന് സ്വാമി അദ്വൈതാനന്ദതീർത്ഥ, 2ന് ബിബിൻ ഷാൻ - വൈക്കം സത്യഗ്രഹം, 3.30ന് എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ സെക്രട്ടറി ലതീഷ്‌കുമാർ - പ്രാർത്ഥന എന്ത്, എന്തിന് ? എന്നീ വിഷയങ്ങളിൽ ക്ലാസ് നയിക്കും.

• ദർശനോത്സവത്തിൽ നാളെ

30ന് രാവിലെ 9ന് ഗുരുപുഷ്പാഞ്ജലി എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത് ക്ലാസെടുക്കും. 11.30ന് നടക്കുന്ന സമാപനസമ്മേളനം മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സന്യാസിമാരായ ധർമ്മചൈതന്യ, അദ്വൈതാനന്ദതീർത്ഥ എന്നിവരുടെ നേതൃത്വത്തിൽ കുടുംബ ഐശ്വര്യപൂജ, സമൂഹപ്രാർത്ഥന എന്നിവയോടെ ഉച്ചയ്ക്ക് 2ന് ദർശനോത്സവത്തിന് സമാപനമാകും.