communitty-
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കണിയാംക്കുന്ന് കമ്മ്യൂണിറ്റി സെന്റർ

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കണിയാംകുന്ന് കമ്മ്യൂണിറ്റി സെന്റർ ഉപയോഗിക്കുന്നതിനെ ചൊല്ലി പരിസരവാസികളും ഗ്രാമപഞ്ചായത്ത് അംഗവും തമ്മിലുള്ള തർക്കം രൂക്ഷമായി. കമ്മ്യൂണിറ്റി സെന്റർ സാംസ്കാരിക കേന്ദ്രവും സീനിയർ സിറ്റിസൺസ് പഞ്ചായത്ത് കമ്മിറ്റിയും നൽകിയ പരാതിയിൽ നാട്ടുകാരുടെ യോഗം വിളിച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനം നടപ്പാക്കുന്നില്ലെന്നും ആക്ഷേപം. മാത്രമല്ല, കമ്മ്യൂണിറ്റി സെന്റർ പരിസരം മാലിന്യസംഭരണ കേന്ദ്രമാക്കിയെന്നും പരാതിയുണ്ട്.

നാലര പതിറ്റാണ്ടിലേറെ പഴക്കമുള്ള കണിയാംകുന്നിലെ കമ്മ്യൂണിറ്റി ഹാൾ യു.സി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ലയൺസ് ക്ളബിന്റെയും സഹകരണത്തോടെയാണ് ആദ്യം നിർമ്മിച്ചത്. പിന്നീട് പഞ്ചായത്ത് പുതുക്കിപ്പണിതെങ്കിലും രണ്ട് വർഷം മുമ്പാണ് വൈദ്യുതിയും വെള്ളവും ലഭിച്ചത്. സമീപത്തെ വയോജനങ്ങൾ കമ്മ്യൂണിറ്റി സെന്ററിലേക്ക് ആവശ്യമായ 60 കസേരകളും നൽകി. മുൻ പഞ്ചായത്ത് ഭരണസമിതി തീരുമാനം അനുസരിച്ച് വർഷങ്ങളായി വൈകുന്നേരങ്ങളിൽ സീനിയർ സിറ്റിസൺസ് കമ്മ്യൂണിറ്റി സെന്റർ ഉപയോഗിച്ചിരുന്നു. താക്കോലും ഇവരുടെ കൈവശമായിരുന്നു. നിലവിലുള്ള പഞ്ചായത്ത് അംഗം ഇടപെട്ട് പുതിയ താഴിട്ട് പൂട്ടുകയും താക്കോൽ പഞ്ചായത്തിന് കൈമാറുകയും ചെയ്തതാണ് നാട്ടുകാരുടെ എതിർപ്പിന് വഴിവെച്ചത്.

പഞ്ചായത്ത് കമ്മിറ്റി തീരുമാനം നടപ്പാക്കുന്നില്ലെന്ന് നാട്ടുകാർ

കമ്മ്യൂണിറ്റി സെന്ററിന്റെ ഉപയോഗം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും നാട്ടുകാരുടെ കമ്മിറ്റി രൂപീകരിക്കുന്നതിനുമായി യോഗം വിളിക്കണമെന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനം പഞ്ചായത്ത് അംഗം രണ്ട് മാസമായിട്ടും നടപ്പാക്കുന്നില്ല. വയോജനങ്ങളെ ഇവിടെ നിന്നും അകറ്റിയതോടെ പരിസരം മാലിന്യസംഭരണ കേന്ദ്രവുമാക്കി.

ബാബുരാജ്

കമ്മ്യൂണിറ്റി സെന്റർ സാംസ്കാരിക കേന്ദ്രം

സാമൂഹിക വിരുദ്ധശല്യം

കമ്മ്യൂണിറ്റി സെന്ററിൽ സാമൂഹിക വിരുദ്ധശല്യം ഏറിയതിനാലാണ് പുതിയ താഴിട്ട് പൂട്ടിയത്. പരിസരവാസികൾക്ക് പഞ്ചായത്തിൽ അപേക്ഷ നൽകിയാൽ ആവശ്യങ്ങൾക്ക് താക്കോൽ ലഭിക്കും. പഞ്ചായത്ത് കമ്മിറ്റി തീരുമാനം അനുസരിച്ച് യോഗം വിളിക്കാൻ പരിസരവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കമ്മ്യൂണിറ്റി സെന്റർ വയോജനങ്ങൾക്ക് തുറന്നുകൊടുക്കാൻ മുൻഭരണസമിതിയുടെ കാലത്തും തീരുമാനമില്ലായിരുന്നു.

ഷാഹിന ബീരൻ

വാർഡ് മെമ്പർ.