കൊച്ചി: പെസഹാദിനത്തിൽ വിശ്വാസികളെയും വൈദികരെയും കാണാൻ ചാലക്കുടിയിലെ സ്ഥാനാർത്ഥികൾ ആരാധനാലയങ്ങളിൽ നേരിട്ടെത്തി. തിരക്കുപിടിച്ച പര്യടനമായിരുന്നു ഇന്നലെ മുഴുവൻ.

എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് ക്രിസ്ത്യൻ പള്ളികൾ സന്ദർശിച്ച് വിശ്വാസികളും വികാരിമാരുമായി സമയം ചെലവഴിച്ചു. കോടശേരി, കുറ്റിച്ചിറ, അതിരപ്പിള്ളി, കാലടി, മറ്റൂർ, മഞ്ഞപ്ര, പുളിയനം പഞ്ചായത്തുകളിൽ വോട്ടർമാരെ കണ്ടു.

എലിഞ്ഞിപ്ര സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ പള്ളിയിൽ കുർബാനയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ സ്ഥാനാർത്ഥിയുമായി സംസാരിച്ചു. വിവിധ ദേവായങ്ങൾ സന്ദർശിച്ചു. വീരാൻചിറ കാർമൽഗിരി കോൺവെന്റ്, അരൂർമൊഴി ഹോളി ഏയ്ജൽ കോൺവെന്റ് എന്നിവിടങ്ങളും സന്ദർശിച്ചു. മുൻ എം.എൽ.എ ബി.ഡി ദേവസി, സി.പി.എം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.

യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ വൈദികരെയും വോട്ടർമാരെയും വീട്ടുകളിൽ കണ്ടായിരുന്നു യാത്ര. കൈപ്പമംഗലത്തെ മതിലകം, എടത്തിരുത്തി, ചെന്ത്രപ്പിന്നി തുടങ്ങിയ സ്ഥലങ്ങളിലെത്തി. പെരിഞ്ഞനത്തെ വെസ്റ്റ് സമിതി ബീച്ചിലെ തൊഴിലാളികളോടൊപ്പവും കൈപ്പമംഗലം ഹാർബർ തൊഴിലാളികളോടൊപ്പവും സമയം ചെലവഴിച്ചു. ദു:ഖവെള്ളിയാഴ്ച സ്ഥാനാർത്ഥിയുടെ പര്യടനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച ഏറിയാട്, എസ്.എൻ പുരം, അഴീക്കോട്, എടവിലങ്ങ് മേഖലകളിൽ പര്യടനം നടത്തും.


നരേന്ദ്രമോദി സർക്കാരിന്റെ കരുതൽ കിട്ടിയത് അവതരിപ്പിച്ചാണ് എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ വോട്ട് അഭ്യർത്ഥിച്ചത്. നാഷണൽ ബോക്‌സിംഗിൽ വെങ്കല മെഡൽ നേടിയ ദേവനന്ദയെ ആദരിച്ചു.
പാറക്കടവ് മൂക്കന്നൂർ, പൂതംകുറ്റി, കറുകുറ്റി മേഖലകളിൽ ആരാധനാലയങ്ങൾ, ജംഗ്ഷനുകൾ എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. കാലടി പിരാരൂരിൽ കുടുബ സംഗമത്തിൽ പങ്കെടുത്തു. എൻ.ഡി.എ അങ്കമാലി മണ്ഡലം ചെയർമാൻ ബിജു പുരുഷോത്തമൻ, കൺവീനർ പുരുഷോത്തമൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഷീജ സതീഷ് തു‌ടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഇന്ന് കാലടി, മലയാറ്റൂർ പഞ്ചായത്തിലെ തീർത്ഥാടകർക്ക് സംഭാര വിതരണം ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ നേതൃയോഗത്തിലും പങ്കെടുക്കും,