f

തലേന്നത്തെ ചാള മുളകുകറി, ബീഫ് കറി, ബീഫ് ബ്രൈ, അവിയൽ, മീൻപീര, ഉണക്കമീൻ വറുത്തത് എന്നിങ്ങനെ കഞ്ഞിയുടെ ബന്ധുക്കൾക്ക് കൈയും കണക്കുമില്ല. എല്ലാം കൂടി ഞെരടി 'സിംഗിൾ പാക്കേജാക്കി" ഒരു പിടിത്തം പിടിച്ചാൽ ചട്ടി കാലി. നടക്കുമ്പോൾ വയറ്റിൽ നിന്നു കേൾക്കുന്ന ഗുളുഗുളു ശബ്ദത്തിനു പോലും പഴമയുടെ താളമുണ്ടെന്നാണ് ചിലരുടെ കണ്ടെത്തൽ. പയർ കഞ്ഞി, ജീരകക്കഞ്ഞി, ഗോതമ്പുകഞ്ഞി, പൊടിയരിക്കഞ്ഞി, പച്ചരിക്കഞ്ഞി എന്നിങ്ങനെ കഞ്ഞികുടുംബം വളരുകയാണ്.

കഞ്ഞി കുടിയന്മാർ പെരുകിയതോടെ പേരുദോഷം മാറിയ കഞ്ഞിക്ക് ബന്ധുബലം കൂടിവരുന്നു. ഉണക്കമീനും പോത്തും കോഴിയുമടക്കം കഞ്ഞിയിൽ നീന്തിക്കളിക്കുമ്പോൾ ഓരോ ചട്ടിയും ഓർമ്മിപ്പിക്കുന്നു- കഞ്ഞി പഴയ കഞ്ഞിയല്ല. പഴങ്കഞ്ഞിയും ചൂടൻകഞ്ഞിയും മരുന്നുകഞ്ഞിയുമെല്ലാം പുതുമകളാൽ സമൃദ്ധം!. ബന്ധുബലം കൂടുംതോറും കഞ്ഞിയുടെ ഗ്ലാമറും കൂടുന്നു. ചൂടുകാലത്ത് കഞ്ഞികുടിച്ച് തണുപ്പനാവാൻ ന്യൂജെൻ പയ്യന്മാരടക്കം എത്തുമ്പോൾ കഞ്ഞിക്കടകൾ ഹൗസ്‌ഫുൾ. സാദാകഞ്ഞി മുതൽ ബന്ധുബലം കൂടിയ വി.ഐ.പി കഞ്ഞികൾ വരെയുണ്ട്. കീശയുടെ കനം നോക്കി ഏതുവേണമെന്നു നിശ്ചയിക്കാം. പയർ അല്ലെങ്കിൽ ഗ്രീൻപീസ് (കറിക്കും തോരനും ഇടയിലുള്ള പരുവം), അച്ചാർ, പപ്പടം എന്നിവ സഹിതമുള്ള കഞ്ഞിയാണ് ബേസിക് മോഡൽ. ഉപ്പിനു പകരം, ഉപ്പ് സമൃദ്ധമായ അച്ചാറിട്ടൊന്ന് വട്ടംകറക്കി കഞ്ഞികുടിയിലേക്കു കടക്കാം. അകമ്പടിയായി പയറും പപ്പടവും കൂടിയാവുന്നതോടെ കഞ്ഞി പിടിവിട്ട് പായുന്നു. കുറച്ചുകൂടി ജോറാകണമെന്നുണ്ടെങ്കിൽ തോന്നിയാൽ ഒരു സിംഗിൾ ഓംലെറ്റ് ആവാം. മുട്ട പുഴുങ്ങിയതുകൂട്ടി തട്ടുന്നവരുമുണ്ട്. കഞ്ഞിയുടെ കൂടെ എന്തുമാവാമെന്ന് ആരാധകർ പറയുന്നതിൽ കാര്യമില്ലാതില്ല. ചില തട്ടുകടകളിൽ കഞ്ഞിയും കക്കയിറച്ചി ഉലർത്തിയതുമാണ് കോംബിനേഷൻ.
തലേന്നത്തെ ചാള മുളകുകറി, ബീഫ് കറി, ബീഫ് ബ്രൈ, അവിയൽ, മീൻപീര, ഉണക്കമീൻ വറുത്തത് എന്നിങ്ങനെ കഞ്ഞിയുടെ ബന്ധുക്കൾക്ക് കൈയും കണക്കുമില്ല. എല്ലാം കൂടി ഞെരടി 'സിംഗിൾ പാക്കേജാക്കി" ഒരു പിടിത്തം പിടിച്ചാൽ ചട്ടി കാലി. നടക്കുമ്പോൾ വയറ്റിൽ നിന്നു കേൾക്കുന്ന ഗുളുഗുളു ശബ്ദത്തിനു പോലും പഴമയുടെ താളമുണ്ടെന്നാണ് ചിലരുടെ കണ്ടെത്തൽ. പയർ കഞ്ഞി, ജീരകക്കഞ്ഞി, ഗോതമ്പുകഞ്ഞി, പൊടിയരിക്കഞ്ഞി, പച്ചരിക്കഞ്ഞി എന്നിങ്ങനെ കഞ്ഞികുടുംബം വളരുകയാണ്.
വിശപ്പും ദാഹവും മാറുമെന്നതിനാൽ വേനലാണ് കഞ്ഞിക്കാലം. ഊണിനേക്കാൾ വില കുറവായതിനാൽ സ്ഥിരമായി കഞ്ഞികുടിക്കുന്നവരേറെ. നേരം ഇരുണ്ടുവെളുത്താൽ ഗുണംകൂടുന്ന ഭക്ഷണമാണു കഞ്ഞിയെന്നു തിരിച്ചറിഞ്ഞ ചില ന്യൂജെൻ പയ്യന്മാർ സ്ഥിരം 'കഞ്ഞികളായി". റൈസ് സൂപ്പെന്ന് വിളിച്ച് കഞ്ഞിയുടെ പേരുദോഷം മാറ്റാനും ഇവർ ശ്രമിക്കുന്നുണ്ട്. ഹോസ്റ്റലിലെ താമസക്കാരല്ലാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷാക്കാലത്ത് കഞ്ഞിയാണ് ആശ്വാസം. ഒരു മാസത്തോളം പച്ചരിക്കഞ്ഞി കുടിച്ച് 'ആടുജീവിതം" നയിച്ചവരും കഞ്ഞിയെ വെറുത്തിട്ടില്ല.
പാചക രംഗത്തേക്ക് 'കൈ"വയ്ക്കുന്നവർക്ക് ധൈര്യമായി പരീക്ഷിക്കാവുന്ന വിഭവമാണ് കഞ്ഞി. വെന്തുപോയാലും പ്രശ്‌നമില്ല. ഉപ്പ് കൂടിയാൽ വെള്ളമൊഴിച്ച് ഡൈല്യൂട്ട് ചെയ്യാം. കഞ്ഞിയിൽ വിദഗ്ദ്ധനായാൽ ചോറിലേക്കു കടക്കാം. തുടക്കക്കാർക്ക് പാചകം ഭാഗ്യപരീക്ഷണമായതിനാൽ യോഗമുണ്ടെങ്കിൽ ചോറുണ്ണാം. വേവ് കൂടിയാൽ കഞ്ഞിയാക്കാം. ക്രമേണ, സാഹചര്യങ്ങൾക്കനുസരിച്ച് അതിവേഗം തീരുമാനമെടുക്കാൻ പഠിക്കാം.

കുഴിമന്തിയടക്കമുള്ള പുത്തൻ രുചികളുമായി മത്സരിച്ചാണ് പഴഞ്ചനായ കഞ്ഞി പിടിച്ചു നിൽക്കുന്നത്. സത്യമുള്ള ഏക വിഭവമാണ് കഞ്ഞിയെന്ന് എറണാകുളത്തെ ഒരു കഞ്ഞിക്കടയുടമ പറയുന്നു. മിച്ചം വന്നാൽ, മറ്റെന്തും ഫ്രിഡ്ജിൽ കയറ്റി പിറ്റേന്ന് ഉപയോഗിക്കാമെങ്കിൽ കഞ്ഞിയുടെ കാര്യത്തിൽ നടപ്പില്ല. ഉച്ചയ്ക്കു തയ്യാറാക്കിയ കഞ്ഞി വൈകുമ്പോഴേക്കും കുഴഞ്ഞ് പരുവക്കേടാകും. ചോറിന് ഇഡലിയിലും വടയിലുമെല്ലാം പുനർജനിക്കാൻ കഴിയുമത്രേ. അതായത്, ഇന്നത്തെ കഞ്ഞി നാളത്തെ ചോറോ വടയോ ആകില്ലെന്നു ചുരുക്കം.

ജീവിതം മാറ്റി,

ക്യാമ്പിലെ കഞ്ഞി

പ്രവാസലോകത്ത് കഞ്ഞിക്ക് വലിയ സ്ഥാനമുണ്ടെങ്കിലും പതിവായി കഞ്ഞിമാത്രം കുടിച്ച് ജീവിക്കാനുള്ള മോഹം നഷ്ടപ്പെട്ടവരുമുണ്ട്. ആദ്യമായി ലേബർ ക്യാമ്പിലെത്തി ഭക്ഷണരീതികൾ പൊരുത്തപ്പെടാതെ കഞ്ഞികുടിയനാകേണ്ടി വന്നവരുമുണ്ട്. ക്യാമ്പിലെ സഹമുറിയന്മാരായ ആഫ്രിക്കക്കാരനും പാക്കിസ്ഥാനിയും മൂത്തകോഴിയെ കടിച്ചുപറിക്കുന്നതുകണ്ട് ഛർദിച്ച് അവശനായപ്പോഴാണ് കഞ്ഞിയിൽ അഭയം തേടിയത്. സ്‌നേഹം കൂടിയ ചങ്ങാതിമാർ പേരിനുപോലും മസാലയില്ലാതെ കടുകെണ്ണയിൽ പൊരിച്ചെടുത്ത കോഴിയെ ബലമായി തീറ്റിച്ചതോടെ പയ്യൻസ് പെട്ടെന്ന് കഞ്ഞിയുണ്ടാക്കാനും ചങ്ങാതിമാർ എത്തും മുമ്പേ ഉറങ്ങാനും പഠിച്ചു. കൂർക്കം വലിയടക്കമുള്ള അപശബ്ദങ്ങളേക്കാൾ ഭേദം കോഴിയാണെന്ന് പിന്നീട് തോന്നി.
കഞ്ഞി കുടിച്ച് മടുത്തെങ്കിലും ക്രമേണ കക്ഷി നല്ലൊരു പാചകക്കാരനായി. നാട്ടിൽ അവധിക്കു വരുമ്പോൾ അച്ഛന്റെ ചായക്കടയിൽ നടത്തിയ പരീക്ഷണങ്ങളും വൻവിജയമായി. പയ്യന്റെ കഞ്ഞി സഹമുറിയന്മാർക്കും ഇഷ്ടപ്പെട്ടു. കഞ്ഞിയും കുറേശെ വളിച്ചു തുടങ്ങിയ തലേന്നത്തെ സാമ്പാറും കൂടിയുള്ള കോമ്പിനേഷൻ ആഫ്രിക്കൻ ചങ്ങാതിക്ക് നന്നേ ബോധിച്ചു. ചങ്ങാതിമാരെ പല മലയാളി രുചിക്കൂട്ടുകളുടെയും ആരാധകരാക്കിയ ശേഷമാണ് പയ്യൻസ് ക്യാമ്പ് ജീവിതം അവസാനിപ്പിച്ചത്.

ചായയുണ്ടാക്കാൻ പോലുമറിയാത്ത മകൻ നല്ലൊരു പാചകക്കാരനായി തിരിച്ചെത്തിയതിൽ ആഫ്രിക്കക്കാരനും പാക്കിസ്ഥാനിക്കും നന്ദി പറയുകയാണ് വീട്ടുകാർ.

മരവിച്ച മൂത്തകോഴി പ്രവാസിയുടെ ജീവിതത്തിന്റെ ഭാഗമാണ്. ഒരു നേരമെങ്കിലും കോഴി എന്ന പ്രവാസിയുടെ ചിന്തമാറ്റുന്നതിൽ കൊവിഡ് വലിയ പങ്കുവഹിച്ചു. ലോക് ഡൗൺ ആയി ജീവിതം വഴിമുട്ടിയതോടെ ഒരു നേരമെങ്കിലും കഞ്ഞി എന്ന സ്ഥിതിയിലേക്കായി കാര്യങ്ങൾ. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കഞ്ഞിയെന്ന തീരുമാനം നടപ്പാക്കിയവരുമുണ്ട്.