c-raveendranad

കൊച്ചി: ചാലക്കുടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ 11.40ന് എറണാകുളം ജില്ലാ കളക്ടറേറ്റിലെത്തിയായിരുന്നു പത്രിക സമർപ്പണം. വരണാധികാരിയായ എറണാകുളം എ.ഡി.എം (അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്) ആശ സി. എബ്രഹാമിന് മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. മന്ത്രി പി. രാജീവ്, സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. അഷ്‌റഫ്, എൽ.ഡി.എഫ് ചാലക്കുടി ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ യു.പി ജോസഫ്, മുൻമന്ത്രി ജോസ് തെറ്റയിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

രാവിലെ 10ന് അങ്കമാലിയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ യു.പി ജോസഫായിരുന്നു സ്ഥാനാർത്ഥിക്ക് പത്രിക കൈമാറിയത്. എം.എൽ.എമാരായ പി.വി. ശ്രീനിജിൻ, വി.ആർ. സുനിൽ കുമാർ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.ബി. ദേവദർശനൻ, എം.പി പത്രോസ്, അങ്കമാലി ഏരിയാ സെക്രട്ടറി കെ.കെ. ഷിബു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.