jiji
ജിജി ജോർജ് മലയാറ്റൂർ പള്ളിയിൽ

ആലുവ: 11 വർഷമായി നോമ്പുകാലത്തെ 49 ദിനവും മുടങ്ങാതെ മലയാറ്റൂർ മലകയറി കുർബാനയിൽ പങ്കെടുത്തതിന്റെ ആത്മവിശുദ്ധിയിൽ ഈ ഈസ്റ്റർ ദിനവും ആഘോഷിച്ച് തായിക്കാട്ടുകര മുതിരപ്പാടം വാടക്കൽ വീട്ടിൽ ജിജി ജോർജ്.

ആലുവയിൽ ജെ ആൻഡ് എസ് എന്ന കൺസ്ട്രക്ഷൻ സ്ഥാപന ഉടമയായ ജിജി ജോർജ് ഓർമ്മവെച്ച കാലം മുതൽ എല്ലാവർഷവും മലയാറ്റൂർ മലകയറി കുർബാനയിൽ പങ്കെടുക്കുമായിരുന്നെങ്കിലും 2012 മുതലാണ് നോമ്പുകാലത്തെ മുഴുവൻ ദിവസവും മലകയറി തുടങ്ങിയത്. അതിനിടയിൽ മുടക്കമുണ്ടായത് ഒരു വർഷം കൊവിഡ് കാലത്ത് മാത്രം. ആലുവ ദേശത്ത് വാടകക്ക് താമസിക്കുന്ന ജിജി നോമ്പുകാലത്ത് ദിവസവും പുലർച്ചെ വീട്ടിൽ നിന്നിറങ്ങി വെയിൽ ശക്തമാകും മുമ്പേ മലയാറ്റൂർ മലയിലെത്തും. കർബാന അർപ്പിച്ച് ഉടൻ തിരിച്ചിറങ്ങുകയും ചെയ്യും. നോമ്പുകാലത്തെ ജിജിയുടെ ദിനചര്യ ആരംഭിക്കുന്നത് തന്നെ ഇങ്ങനെയാണ്.

വർഷങ്ങൾക്ക് മുമ്പ് സുഹൃത്തുക്കൾക്കൊപ്പം കാൽനടയായി വേളാങ്കണ്ണി തീർത്ഥയാത്രക്ക് പോയതും ജിജി ഓർക്കുന്നു. ഭാര്യ ഷിജിയും മക്കളായ ലെറ്റീഷ, ഡെലീഷ, ആൽബട്രീഷ്യ എന്നിവരും ജിജിയുടെ പുണ്യയാത്രക്ക് പിന്തുണയേകുന്നു.