
കോലഞ്ചേരി: ഈസ്റ്റർ, തിരഞ്ഞെടുപ്പ് തിരക്കുകളെ തുടർന്ന് കോലഞ്ചേരി നഗരത്തിൽ കുരുക്കോട് കുരുക്ക്. മണിക്കൂറുകൾ നീളുന്ന ഗതാഗത തടസമാണ് രണ്ട് ദിവസമായി കോലഞ്ചേരി ടൗണിലുള്ളത്. ദേശീയപാതയുടെ പുനർ നിർമ്മാണം നടക്കുന്നതിനാൽ റോഡിന്റെ വിവിധ ഇടങ്ങളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതു കഴിഞ്ഞ് ടൗണിലെത്തുന്നതോടെ ഉണ്ടാകുന്ന കുരുക്ക് യാത്രക്കാരെ വല്ലാതെ കഷ്ടപ്പെടുത്തുകയാണ്.
ആംബുലൻസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളും കുരുക്കിൽപ്പെടുന്നുണ്ട്. ഹൈറേഞ്ചിൽ നിന്നുമടക്കം നിരവധിപേർ കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന വഴിയാണിത്. ദേശീയപാതയിൽ അപ്രതീക്ഷിതമായുണ്ടാകുന്ന കുരുക്കഴിക്കാൻ മണിക്കൂറുകളുടെ പ്രയത്നം വേണ്ടിവരും.ദേശീയപാതയിൽനിന്ന് പെരുമ്പാവൂർ റോഡിലേക്കും മെഡിക്കൽ മിഷൻ ആശുപത്രിയിലേക്കും കറുകപ്പിള്ളി റോഡിലേക്കും തിരിയുന്ന ഭാഗത്താണ് പ്രധാനമായും വാഹനങ്ങൾ കുരുങ്ങുന്നത്. ഇവിടെ ട്രാഫിക് സിഗ്‌നൽ ഇല്ലാത്തതിനാൽ നിയന്ത്രണമില്ലാതെ വാഹനങ്ങൾ നീക്കുന്നത് കുരുക്ക് കൂട്ടുകയും ചെയ്യുന്നുണ്ട്. പ്രധാന ഓഫീസുകളടക്കം പതിനഞ്ചോളം ബാങ്കുകളും മിനി സിവിൽസ്റ്റേഷനും ദേശീയപാതയ്ക്കരികിലാണ്. ടൗണിലെ പ്രധാന വ്യാപാരസ്ഥാപനങ്ങൾ എല്ലാംതന്നെ ദേശീയപാതയ്ക്ക് അരികിലാണ്. ഇവയിൽ വിരലിൽ എണ്ണാവുന്ന സ്ഥാനങ്ങൾക്ക് മാത്രമാണ് പാർക്കിംഗ് സൗകര്യമുള്ളത്.
ഗതാഗത സ്തംഭനത്തിന് കാരണങ്ങൾ
അനധികൃത പാർക്കിംഗ്
ട്രാഫിക് പൊലീസിന്റെ കുറവ്
അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നത്
വാഹനങ്ങളിലെ വഴിയോരക്കച്ചവടം
കോലഞ്ചേരിയിലെ കുരുക്കൊഴിവാക്കാൻ ബൈപാസ് നിർമ്മാണത്തിന്റെ അലൈൻമെന്റ് എടുക്കുന്ന നടപടികൾ നടന്നു വരികയാണ്. ദേശീയപാതയിൽ പത്താംമൈലിൽനിന്ന് തിരിഞ്ഞ് കടമറ്റം നമ്പ്യാരുപടിയിലെത്തുന്ന വിധമാണ് ബൈപ്പാസ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ആഘോഷങ്ങളോട് അനുബന്ധിച്ചുണ്ടാകുന്ന കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പി.വി. ശ്രീനിജിൻ എം.എൽ.എ