vellappalli

കോലഞ്ചേരി: തിരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊള്ളുമ്പോൾ പന്തയക്കാരും കളംപിടിക്കുന്നു. തിരഞ്ഞെടുപ്പ് കാലം പന്തയക്കാരുടെ കൊയ്ത്തുകാലമാണ്. രണ്ടാംഘട്ട പ്രചാരണങ്ങൾക്കായി സ്ഥാനാർത്ഥികൾ ഇറങ്ങിയതോടൊപ്പം പന്തയക്കാരും കളത്തിലിറങ്ങി. 'കുപ്പി 'യാണ് പന്തയത്തിലും താരം. മൊട്ടയടിയും പാതിമീശയെടുക്കലുമായി നാടൻപന്തയക്കാരുമുണ്ട് രംഗത്ത്. പന്തയത്തിൽ തോ​റ്റാൽ എതിർപാർട്ടിയുടെ കൊടിയുമായി പൊതുനിരത്തിൽ നടക്കുക എന്ന വ്യത്യസ്തപന്തയവും ഇക്കുറിയുണ്ട്. പണംവച്ചുള്ള പന്തയം തിരഞ്ഞെടുപ്പ് കാലത്തില്ലെന്നാണ് പന്തയക്കാരുടെ പക്ഷം.

പ്രമുഖർ തമ്മിലും പന്തയം നടക്കാറുണ്ട്. അത്തരത്തിലൊരു രസകരമായ പന്തയമായിരുന്നു 2011ൽ നടന്നത്. വെള്ളാപ്പള്ളി നടേശനും വക്കം പുരുഷോത്തമനുമായിരുന്നു പന്തയക്കാർ. നിയമസഭാ തിരഞ്ഞെടുപ്പിൽ 85 സീ​റ്റിലേറെ യു.ഡി.എഫ് നേടുമെന്ന് വക്കവും 75ൽ കുറവാകുമെന്ന് വെള്ളാപ്പള്ളിയും പറഞ്ഞു. പറഞ്ഞതിന് വിരുദ്ധമായി സംഭവിച്ചാൽ സ്വർണമോതിരമായിരുന്നു ഇനാം. പന്തയത്തിൽ തോ​റ്റ വക്കം വെള്ളാപ്പള്ളിക്ക് രണ്ടുപവന്റെ നവരത്‌ന മോതിരമാണ് നല്കിയത്. പന്തയത്തിൽ തോല്ക്കുന്നതും ആവേശത്തിലാക്കുമെന്നാണ് യുവതലമുറ പറയുന്നത്.

പന്തയത്തിൽ തോ​റ്റയാളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കവയിലെത്തിച്ചാകും പന്തയം നടപ്പാക്കൂവെന്നാണ് പന്തയക്കാരോടായി അവർക്ക് പറയാനുള്ളത്. ഏറെ അദ്ധ്വാനിച്ച് സ്വന്തമാക്കുന്ന നേട്ടങ്ങളേക്കാളും സുഖമുണ്ടത്രേ പന്തയത്തിലെ വിജയങ്ങൾക്ക്. പരാജയങ്ങൾക്ക് നെഞ്ചുതകർക്കുന്ന വേദനയും.