 
പറവൂർ: നിരവധി സമ്മാന പദ്ധതികളുമായി ആറുമാസം നീണ്ടുനിൽക്കുന്ന പറവൂർ ഷോപ്പിംഗ് ഫെസ്റ്റ് നാളെ ആരംഭിക്കും. വൈകിട്ട് നാലിന് നഗരത്തിൽ വിളംബരജാഥ, ഇരുചക്ര വാഹനറാലി എന്നിവയ്ക്ക് ശേഷം 6ന് വ്യാപാര ഭവനിൽ ആർ.എൽ.വി രാമകൃഷ്ണൻ ഷോപ്പിംഗ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പറവൂർ ഷോപ്പിംഗ് ഫെസ്റ്റ് ലോഗോ പി.ടി.എം.എ പ്രസിഡന്റ് കെ. ടി. ജോണി പ്രകാശനം ചെയ്തു. പറവൂർ ടൗൺ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇതര വ്യാപാര സംഘടനകളും പങ്കാളിത്വം വഹിക്കുന്ന ഫെസ്റ്റിൽ ഒരു അപ്പാർട്ടുമെന്റാണ് മെഗാ സമ്മാനം. സ്പിൻ വീൽ ഡ്രൈവിലൂടെ ദിനംപ്രതി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ആറ് ലക്ഷം രൂപയുടെ ക്യാഷ് വൗച്ചറാണ് ഫെസ്റ്റിന്റെ പ്രത്യേകത. എല്ലാ മാസവും 50,000 രൂപയുടെ വീട്ടുപകരണങ്ങൾ രണ്ടു പേർക്ക് വീതം സമ്മാനമായി ലഭിക്കും. ഫെസ്റ്റിൽ പങ്കാളിത്തമുള്ള സ്ഥാപനങ്ങളിൽ നിശ്ചിത തുകയ്ക്ക് പർചേയ്സ് ചെയ്യുന്ന ഉപഭോക്താവിന് സൗജന്യമായി കൂപ്പണുകൾ ലഭിക്കും. കൂപ്പണിലെ ക്യൂആർ കോഡ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ സ്പിൻ വീൽ പ്ലേ ചെയ്യാനാകും. മെഗാസമ്മാനങ്ങൾക്കും ഇതോ കൂപ്പണാണ് ഉപയോഗിക്കുന്നത്. ഫെസ്റ്റിന്റെ വിവിധ ഘട്ടങ്ങളിൽ നഗരത്തിൽ കലാപരിപാടികളും നടക്കും. പറവൂർ പട്ടണത്തെ ഉപഭോക്തൃ സൗഹൃദ നഗരമാക്കുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യമെന്ന് സംഘാടക സമിതി ചെയർമാൻ കെ.ടി. ജോണി, ജനറൽ കൺവീനർ പി.ബി. പ്രമോദ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവിധ സംഘടനാ പ്രതിനിധികളായ മനോജ് ആദിത്യ, ഇബ്രാഹിം കുട്ടി മൂപ്പൻ, രാഘവേന്ദ്ര, കെ.എ. നാസർ, എൻ.എസ്. ശ്രീനിവാസ് എന്നിവർ പങ്കെടുത്തു.