നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ മേയ്ക്കാട് നാലാം വാർഡിന്റെയും ചെമ്പന്നൂർ അഞ്ചാം വാർഡിന്റെയും അതിർത്തിയിലായി മാഞ്ഞാലി തോടിന്റെ പ്രധാന കൈവഴിയായി കെട്ടി നിർത്തിയിരിക്കുന്ന വേതുചിറ നാശത്തിന്റെ വക്കിലായിട്ടും കണ്ണുതുറക്കാതെ അധികാരികൾ.നാട്ടുകാർ പലവട്ടം പരാതി നൽകിയിട്ടും വേതുചിറയുടെ സംരക്ഷണത്തിന് നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഇരുവാർഡുകളിലെയും ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസായിട്ടും ചിറ സംരക്ഷിക്കാത്തതിനെതിരെ പ്രതിഷേധം ഉയരുകയാണ്. നാട്ടുകാർ സ്ഥലം എം.എൽ.എക്കും പഞ്ചായത്ത് അധികാരികൾക്കും ഭീമഹർജി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.
കറുത്ത നിറം, ദുർഗന്ധം
ഇന്നലെ രാവിലെ മുതൽ വേതുചിറയിലെ വെള്ളത്തിന് കറുത്ത നിറവും രൂക്ഷമായ ദുർഗന്ധവുമാണ്. മത്സ്യങ്ങൾ ചത്തുപൊങ്ങിയിട്ടുമുണ്ട്. സമീപകാലങ്ങളിലായി വേതുചിറയിലേക്ക് വ്യവസായ സ്ഥാപനങ്ങളിൽ നിന്നും രാസ - ജൈവ മാലിന്യങ്ങൾ ഒഴുക്കി വിടുന്നുവെന്നാണ് ആക്ഷേപം. വിമാനത്താവള പരിസരത്തെ ഹോട്ടൽ മാലിന്യവും റിസോർട്ടുകളിൽ നിന്നും ലോഡ്ജുകളിൽ നിന്നുമുള്ള കക്കൂസ് മാലിന്യങ്ങളും തോട്ടിലേക്ക് തള്ളുന്നതായും ആക്ഷേപമുണ്ട്. രാത്രികാലങ്ങളിൽ കരിയാട് ഭാഗത്ത് വാഹനങ്ങളിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യങ്ങൾ തള്ളുന്നതും പതിവാണ്. ഇതേ തുടർന്ന് ഇരുവാർഡുകളിലെയും വീടുകളിലെ കിണർ അടക്കമുള്ള കുടിവെള്ള സ്രോതസുകൾ മലിനപ്പെടുകയും രൂക്ഷമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണവുമാകുന്നു.
നടപടിയില്ലെങ്കിൽ സമരമെന്ന് ബി.ജെ.പി
വേതുചിറ സംരക്ഷിക്കാൻ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി നേതാക്കൾ അറിയിച്ചു. റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലടക്കം പ്രതിഷധ പരിപാടികൾ നടത്തിയെങ്കിലും ഇതുവരെ യാതൊരു പരിഹാരവുമായിട്ടില്ല. ഈ സാഹചര്യത്തിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, മണ്ഡലം ജനറൽ സെക്രട്ടറി വി.വി. ഷൺമുഖൻ, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് പി.ഐ. ജോൺസൺ എന്നിവർ അറിയിച്ചു.