tractor-

പറവൂർ: പറവൂർ നഗരത്തിലെ മാലിന്യം നീക്കുന്ന രണ്ട് വാഹനങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. നഗരസഭ ഓഫിസിന് എതിർവശത്തെ മുനിസിപ്പൽ പാർക്കിൽ കിടന്നിരുന്ന ട്രാക്‌ടറിന്റെയും മിനി ലോറിയുടെയും എൻജിനിൽ കല്ലും മണ്ണും ഇരുമ്പു കഷ്ണങ്ങളും ഇട്ടാണ് തകരാറിലാക്കിയത്. മിനിലോറി പുതുതായി വാങ്ങിയതാണ്. പാർക്കിൽ സി.സി ടിവി ക്യാമറയില്ലാത്തതിനാൽ വാഹനങ്ങൾ നശിപ്പിച്ചതാരെന്ന് കണ്ടെത്താനായില്ല. വാഹനങ്ങൾ കെട്ടിവലിച്ച് വർക്ക്ഷോപ്പിൽ എത്തിച്ചു സർവീസ് ചെയ്യേണ്ടിവരും. മാലിന്യങ്ങൾ നീക്കാൻ നഗരസഭയിൽ നാല് വാഹനങ്ങളാണുള്ളത്. ഒരു മിനി ലോറി ഒരു വർഷമായി ചാലക്കുടിയിലെ വർക്ക്ഷോപ്പിലാണ്. മറ്റൊരു പിക്കപ് ഓട്ടോ കേടായിട്ട് ആറ് മാസമായി. പ്രവർത്തനക്ഷമമായിരുന്ന രണ്ട് വാഹനങ്ങൾകൂടി നശിപ്പിക്കപ്പെട്ടതോടെ നാല് വാഹനങ്ങളും കട്ടപ്പുറത്തായി. ഇതോടെ നഗരസഭയുടെ മാലിന്യനീക്കം അവതാളത്തിലുമായി. പ്രതിദിനം 4000 രൂപയ്ക്ക് പിക്കപ് വാൻ വാടകയ്ക്കെ‌ടുത്ത് മാലിന്യം നീക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. വീടുകളിൽ നിന്ന് ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ ചാക്കിലാക്കി ഇപ്പോൾ വഴിയരികിൽ കൂട്ടിയിടുകയാണ്. നഗരസഭ ഓഫിസിലും മുനിസിപ്പൽ പാർക്കിലും സി.സി ടിവി ക്യാമറകൾ സ്ഥാപിക്കാൻ കഴിഞ്ഞ മൂന്ന് വർഷവും പണം നീക്കി വച്ചെങ്കിലും വകമാറ്റി ചെലവഴിച്ചെന്നും രണ്ടാഴ്ച മുമ്പ് ട്രാക്‌ടർ കേടാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടും പൊലീസിൽ പരാതി നൽകാനോ തുടർനടപടികൾ സ്വീകരിക്കാനോ നഗരസഭ തയാറായില്ലെന്നും പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ ആരോപിച്ചു. കഴിഞ്ഞ ദിവസം മിനിലോറിയും നശിപ്പിക്കപ്പെട്ടതോടെയാണ് നഗരസഭ പരാതി നൽകിയിരിക്കുന്നത്.