കൊച്ചി: എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസതടസത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വെന്റിലേറ്റർ ഒഴിവാക്കാവുന്ന സ്ഥിതിയല്ലെന്ന് ഡോക്ടർമാർ പറഞ്ഞതായി പി.ഡി.പി വാർത്താക്കുറിപ്പിൽ അറിയിച്ചു. രക്തസമ്മർദ്ദം നിയന്ത്രണത്തിലായിട്ടില്ല. വൃക്കരോഗ ചികിത്സയ്ക്കായി മഅ്ദനി ഒരു മാസത്തിലേറെയായി ആശുപത്രിയിൽ തുടരുകയാണ്. ഭാര്യ സൂഫിയയും മകൻ സലാഹുദ്ദീൻ അയ്യൂബിയും പി.ഡി.പി നേതാക്കളും ആശുപത്രിയിലുണ്ട്.