darsana
പാലാരിവട്ടം ആശാൻ നഗറിൽ എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച ദർശനോത്സവത്തിലെ തിങ്ങിനിറഞ്ഞ സദസ്

കൊച്ചി: ശ്രീനാരായണ ഗുരുദേവ ദർശനത്തിന്റെ സൗരഭ്യം നിറഞ്ഞ മൂന്ന് ദിനങ്ങൾക്ക് പരിസമാപ്തി. പാലാരിവട്ടം ആശാൻ നഗറിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണ ദർശനോത്സവം ആയിരങ്ങൾക്ക് മന:ശാന്തി പകർന്നു. ഗുരുദേവനിൽ ശരണാഗതി പ്രാപിച്ച് ദു:ഖങ്ങളിൽ നിന്ന് മോചനവും അദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിയും പ്രദാനം ചെയ്യുന്നതിനായി നടന്ന പരിപാടിക്ക് ശിവഗിരി മഠത്തിലെ സ്വാമി അദ്വൈതാനന്ദ തീർത്ഥയും സ്വാമി ധർമ്മചൈതന്യയും ആചാര്യന്മാരായി.

യൂണിയനു കീഴിലെ 66 ശാഖകളിൽ നിന്നെത്തിയ ഗുരുദേവഭക്തർ തിങ്ങിനിറഞ്ഞ സദസിലാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ദർശനോത്സവം ഉദ്ഘാടനം ചെയ്തത്. 1200ലേറെപ്പേർ ദിവസവും സന്യാസവര്യന്മാരുടെയും വിവിധ പണ്ഡിതന്മാരുടെയും പ്രഭാഷണങ്ങൾ കേൾക്കാൻ രാവിലെ മുതൽ വൈകിട്ട് അഞ്ച് വരെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.

ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സൗമ്യ അനിരുദ്ധൻ, രഞ്ജു അനന്തഭദ്രേത്ത് തന്ത്രി, ശ്രീനാരായണ ദർശനപഠനകേന്ദ്രം ഡയറക്ടർ വിജയലാൽ നെടുങ്കണ്ടം, സ്വാമി അദ്വൈതാനന്ദതീർത്ഥ, ബിബിൻ ഷാൻ, എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ സെക്രട്ടറി ലതീഷ്‌കുമാർ, ബിജു പുളിക്കലേടത്ത് എന്നിവരാണ് വിവിധ വിഷയങ്ങളിൽ ക്ളാസെടുത്തത്.

സന്യാസിമാരായ ധർമ്മചൈതന്യ, അദ്വൈതാനന്ദതീർത്ഥ എന്നിവരുടെ നേതൃത്വത്തിൽ കുടുംബ ഐശ്വര്യപൂജ, സമൂഹപ്രാർത്ഥന എന്നിവയോടെയാണ് ദർശനോത്സവത്തിന് സമാപനം കുറിച്ചത്.

കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കൺവീനർ എം.ഡി. അഭിലാഷ്, വൈസ് ചെയർമാൻ സി​.വി​. വിജയൻ, യൂണി​യൻ കമ്മി​റ്റി​ അംഗങ്ങളായ ടി.എം. വിജയകുമാർ, എൽ.സന്തോഷ്, കെ.കെ. മാധവൻ, കെ.പി. ശിവദാസ്, വനി​താ സംഘം ചെയർപേഴ്സൺ​ ഭാമ പത്മനാഭൻ, കൺവീനർ വി​ദ്യാ സുധീഷ്, യൂത്ത് മൂവ്മെന്റ് പ്രസി​ഡന്റ് വി​നോദ് വേണുഗോപാൽ, സെക്രട്ടറി​ ശ്രീജി​ത്ത് ശ്രീധർ, പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ.രാജൻ ബാനർജി, സെക്രട്ടറി പൊന്നുരുന്നി ഉമേശ്വരൻ, എംപ്ളോയീസ് ഫോറം കൺവീനർ സുരേഷ് പൂത്തോട്ട, സെക്രട്ടറി അജയകുമാർ, കുമാരി സംഘം പ്രസിഡന്റ് അഞ്ജന ജയൻ, സൈബർ സേന സെക്രട്ടറി റെജി വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.