കൊച്ചി: വേനൽ കടുത്തതോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷതോടെ സമരത്തിനൊരുങ്ങി കോൺഗ്രസ്. കടുത്ത ശുദ്ധജല ക്ഷാമം നില നിൽകുന്നുവെന്നും സംസ്ഥാന സർക്കാർ നിഷ്‌ക്രിയമാണെന്നും ചൂണ്ടിക്കാട്ടിയാണ് സമരം. പൊതുജനങ്ങളെ പങ്കാളിത്തത്തോടെ വലിയ സമരം നടത്തുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു
പ്രാദേശികമായി ജല ദൗർലഭ്യത്തിന്റെ രൂക്ഷതയിൽ വ്യത്യാസമുള്ളപ്പോഴും പൊതുവിൽ ശുദ്ധജലം കിട്ടാക്കനിയായാണ്. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം കിട്ടാതെ പ്രയാസപ്പെടുന്നവരുടെ പ്രശ്‌നങ്ങൾക്ക് നാളുകളുടെ പഴക്കമുണ്ട്.യു.ഡി.എഫ് സർക്കാരിന്റെ പദ്ധതിയും പാഴായി. ഇടതു സർക്കാർ കിഫ്ബി വഴി കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ലെന്ന ആക്ഷേപവുമുണ്ട്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത 190 എം.എൽ.ഡി പ്ലാന്റിന്റെ പ്രവർത്തനങ്ങൾ നിലച്ചു.
സംസ്ഥാന സർക്കാർ രണ്ടു തിരഞ്ഞെടുപ്പുകളിൽ മുന്നോട്ട് വച്ച ജലദൗർലഭ്യം പരിഹരിക്കും എന്ന വാഗ്ദാനവും പാഴായെന്നും ടി.ജെ. വിനോദ്, ഉമ തോമസ് എന്നീ എം.എൽ.എമാരും കുറ്റപ്പെടുത്തി.
കുടിവെള്ളമില്ലാത്ത ഇടങ്ങൾ
പച്ചാളം
വടുതല
കലൂർ
കടവന്ത്ര
ഇടപ്പള്ളി
പോണേക്കര
എളങ്കുന്നപ്പുഴ
ഞാറക്കൽ
എടവനക്കാട്
പള്ളിപ്പുറം,
തൃക്കാക്കര തെങ്ങോട്
കളത്തിക്കുഴി
ഇടച്ചിറ
മനക്കക്കടവ്
തൃപ്പൂണിത്തുറ,
ഏരൂർ
ഉദയംപേരൂർ പഞ്ചായത്ത്
നെട്ടൂർ
കുമ്പളം
പനങ്ങാട്
കളമശ്ശേരി നഗരസഭാ
കങ്ങരപ്പടി
തേവക്കൽ
ആലങ്ങാട്
കരുമാല്ലൂർ
കുന്നുകര
ഏലൂർ നഗരസഭാ
നോർത്ത് പറവൂർ
കൊട്ടുവള്ളിയിലെ ചെമ്മായം
വരാപ്പുഴ
ഏഴിക്കര
ചേന്ദമംഗലം
വടക്കേക്കര
ചിറ്റാട്ടുകര
പുത്തൻവേലിക്കര
പശ്ചിമ കൊച്ചി
ചെല്ലാനം
കണ്ണമാലി
വെള്ളം ലഭിക്കുന്നില്ലെന്ന് ഹർജി
എളമക്കര മേഖലയിൽ ഗാർഹിക വാട്ടർ കണക്ഷനെടുത്തവർക്ക് മാസങ്ങളായി ഒരു തുള്ളിപോലും കുടിവെള്ളം ലഭിക്കുന്നില്ലെന്ന ആരോപണവുമായി ഹൈക്കോടതിയിൽ ഹർജിയുമെത്തി. ടാങ്കർ ലോറി മാഫിയയെ സഹായിക്കാനായി കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് ജല അതോറിറ്റിയുടെയും കോർപ്പറേന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും എളമക്കര ത്രിവർണ റോഡ് ചിത്തിരഭവനിൽ എം.എസ്. ശിദേഷിന്റെ ഹർജിയിൽ പറയുന്നു.
2016 കാലഘട്ടത്തിൽ അമൃത് പദ്ധതിയിൽ കേന്ദ്രം അനുവദിച്ച ഫണ്ടിൽ 125 കോടി രൂപ കൊച്ചിയിലെ നടത്തിപ്പുചുമതലയുള്ള ഉദ്യോഗസ്ഥർ ലാപ്‌സാക്കിയെന്ന പത്രവാർത്തകളും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
പ്രക്ഷോഭങ്ങളുടെ ഭാഗമായി ഹർജിക്കാരന്റെ പ്രദേശത്തെ ഇപ്പോൾ അമൃത് സ്‌കീമിൽ ഉൾപ്പെടുത്തിയെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ വൈകി. പെരിയാറിൽ ആവശ്യത്തിന് വെള്ളമുണ്ടെന്നിരിക്കെ ജലക്ഷാമമുണ്ടെന്നു പ്രചരിപ്പിച്ച് യാതൊരു ഓഡിറ്റിംഗുമില്ലാതെ നടത്തുന്ന ഈ കുടിവെള്ള കരാറുകൾ വൻ കുംഭകോണം തന്നെയാണ്. ടാപ്പുകളിൽ ജലലഭ്യത ഉറപ്പാക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ വേണമെന്നാണ് ഹർജിയിലെ ആവശ്യം.